പാൻഡോറ പേപ്പറിൽ കുടുങ്ങി ഐപിഎൽ ടീമുകളായ രാജസ്ഥാനും പഞ്ചാബും
|ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നാണ് ഈ ടീമുകളിലേക്ക് പണമെത്തിയത്. ബ്രിട്ടീഷ് പൗരന്മാരായ ഇന്ത്യൻ വംശജരാണ് ടീം ഉടമകളെന്ന് പാൻഡോറ രേഖകൾ സൂചിപ്പിക്കുന്നു.
ഐ.പി.എൽ മത്സരം പുരോഗമിക്കുന്നതിനിടെ പാൻഡോറ വെളിപ്പെടുത്തലിൽ ആരോപണം നേരിട്ട് രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍. ഇരു ടീമുകളിലേക്കും വിദേശത്തുനിന്ന് പണം എത്തിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നാണ് ഈ ടീമുകളിലേക്ക് പണമെത്തിയത്. ബ്രിട്ടീഷ് പൗരന്മാരായ ഇന്ത്യൻ വംശജരാണ് ടീം ഉടമകളെന്ന് പാൻഡോറ രേഖകൾ സൂചിപ്പിക്കുന്നു. ടീം ഉടമകൾക്കെല്ലാം ഐ.പി.എല്ലിന്റെ ബുദ്ധികേന്ദ്രമായ ലളിത് മോദിയുമായി അടുത്ത ബന്ധമുണ്ടെന്നതും ശ്രദ്ധേയമാണ്.
കിങ്സ് ഇലവന്‍ ഉടമകളില്‍ ഒരാളായ ഗൗരവ് ബർമ്മന് ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റില്‍ ബാൻട്രീ ഇൻറർനാഷണല്‍ കമ്പനിയിലാണ് നിക്ഷേപം. ഡാബർ കമ്പനി കുടുംബാംഗമായ ഗൗരവ് ബർമ്മൻ രണ്ട് മില്ല്യണ്‍ ഡോളർ കമ്പനിക്ക് വായ്‌പയായി നല്‍കുകയായിരുന്നു. രാജസ്ഥാൻ റോയല്‍സ് ഉടമകളില്‍ ഒരാളായ സുരേഷ് ചെല്ലാരത്തിനും ബ്രിട്ടീഷ് വിർജിൻ ഐലന്‍റല്‍ നിക്ഷേപമുണ്ടെന്ന് പാൻഡോര പേപ്പറില്‍ വെളിപ്പെടുത്തലുണ്ട്. രണ്ട് പേരും ഐപിഎല്‍ സ്ഥാപകനായ ലളിത് മോദിയുടെ ബന്ധുക്കളാണ്.
2010ല്‍ ആരോപണങ്ങള്‍ ഉയർന്നതിനെ തുടർന്ന് ലളിത് മോദിയെ സസ്‌പെന്‍ഡ് ചെയ്‌ത ബിസിസിഐ രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കുമെതിരെ നടപടി എടുത്തിരുന്നു. വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുള്ള ഇന്ത്യക്കാരുടെ പേരുകൾ ഈയിടെയാണ് ഐ.സിഐ.ജെ പുറത്തുവിട്ടത്. ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറും ഭാര്യ അഞ്ചലിയും ഭാര്യാപിതാവ് ആനന്ദ് മേത്തയുമെല്ലാം പട്ടികയിലുണ്ട്.
ഇന്ത്യൻ പൗരത്വമുള്ള 380 പേരെങ്കിലും പാൻഡോര രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുന്നുവന്നത്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട് .