Cricket
Dhoni, Parag

Dhoni, Parag

Cricket

'ഫിനിഷർ റോളിൽ ധോണിക്കടുത്ത് പോലും ആരുമെത്തില്ല'; പ്രതികരിച്ച് രാജസ്ഥാൻ താരം

Sports Desk
|
29 March 2023 11:49 AM GMT

ആഭ്യന്തര ക്രിക്കറ്റിൽ അസമിനായി മികച്ച പ്രകടനം നടത്തിയാണ് പരാഗ് തന്റെ അഞ്ചാമത് ഐ.പി.എൽ സീസണിൽ കളിക്കാനെത്തുന്നത്

ഫിനിഷിംഗ് മികവ് പലവട്ടം തെളിയിച്ച മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനുമായ മഹേന്ദ്രസിംഗ് ധോണിയെ പുകഴ്ത്തി രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്. താൻ മൂന്നു വർഷമായി ടീമിനായി ഫിനിഷിംഗ് റോൾ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തിൽ തന്റെ മനസ്സിൽ എം.എസ് ധോണിയുടെ പേര് മാത്രമാണുള്ളതെന്നും ഇത് താൻ മുമ്പ് പറഞ്ഞിട്ടുള്ളതാണെന്നും സഞ്ജു സാംസന്റെ നേതൃത്വത്തിൽ കളിക്കുന്ന താരം വ്യക്തമാക്കി.

'ഈ കലയിൽ വേറെയാരെങ്കിലും ഇത്രമാത്രം വൈഭവം നേടിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഈ റോൾ ചെയ്യവേ ഞാൻ അദ്ദേഹത്തെയാണ് നോക്കുക. എത്ര ആഴത്തിലാണ് മത്സരത്തെ അദ്ദേഹം സമീപിക്കുന്നതെന്നും എങ്ങനെയാണ് ടീമിനെ വിജയതീരം അണയിക്കുന്നതെന്നും ഞാൻ നോക്കും' പരാഗ് പി.ടി.ഐയോട് പറഞ്ഞു.

ഏത് പൊസിഷനിലാണ് തനിക്ക് ബാറ്റ് ചെയ്യാൻ ഇഷ്ടമെന്ന് ചോദിച്ചാൽ നാലാമതെന്ന് പറയുമെന്നും പക്ഷേ ടീമിന് വേണ്ട സ്ഥാനങ്ങളിലെല്ലാം ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും ഗുവാഹത്തിയിൽനിന്നുള്ള 21കാരനായ താരം പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ അസമിനായി മികച്ച പ്രകടനം നടത്തിയാണ് പരാഗ് തന്റെ അഞ്ചാമത് ഐ.പി.എൽ സീസണിൽ കളിക്കാനെത്തുന്നത്. കഴിഞ്ഞ നാലു സീസണുകളിൽ അത്രമികച്ച പ്രകടനമല്ല താരം നടത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ ഒരു അർധസെഞ്ച്വറിയടക്കം 17 മത്സരങ്ങളിൽനിന്ന് 183 റൺസാണ് പരാഗ് നേടിയത്. 16.64 ആയിരുന്നു ശരാശരി. 2018 ലെ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ടീമംഗമായ പരാഗ് 2022-23 വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്ന് മൂന്നു സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയുമടക്കം 552 റൺസാണ് താരം അടിച്ചുകൂട്ടിയത്. 69 ശരാശരിയിലായിരുന്നു പ്രകടനം. സയിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ 165.35 പ്രഹരശേഷിയോടെ 253 റൺസും കയ്യിലാക്കി പരാഗ്. രണ്ട് അർധ സെഞ്ച്വറിയടക്കമായിരുന്നു പ്രകടനം. നേരത്തെ പലവട്ടം സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നേരിടേണ്ടിവന്ന താരമാണ് ഈ ഓൾറൗണ്ടർ. അവ മുമ്പ് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ തന്റെ ലക്ഷ്യം മാത്രമാണ് മുമ്പിലുള്ളതെന്നുമാണ് താരം പറയുന്നത്.

Rajasthan Royals all-rounder Rian Parag praised former Indian captain and Chennai Super Kings captain Mahendra Singh Dhoni for his finishing skills many times.

Similar Posts