Cricket
കിരീടാഘോഷത്തില്‍ ഉസ്‍മാന്‍ ക്വാജക്ക് പങ്കെടുക്കാന്‍ ഷാംപെയ്‍ന്‍ തുറക്കാതെ ആസ്ട്രേലിയന്‍ ടീം
Cricket

കിരീടാഘോഷത്തില്‍ ഉസ്‍മാന്‍ ക്വാജക്ക് പങ്കെടുക്കാന്‍ ഷാംപെയ്‍ന്‍ തുറക്കാതെ ആസ്ട്രേലിയന്‍ ടീം

Web Desk
|
17 Jan 2022 6:44 AM GMT

ഉസ്മാൻ ക്വാജ മാറി നില്‍ക്കുന്നത് കമ്മിൻസ് ശ്രദ്ധിക്കുകയും തന്റെ ടീമംഗങ്ങളോട് അൽപ്പ നേരത്തേക്ക് ഷാംപെയിന്‍ തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു

ആഷസ് വിജയാഘോഷത്തില്‍ ഉസ്‍മാന്‍ ക്വാജക്ക് പങ്കെടുക്കുന്നതിന് ഷാംപെയിന്‍ തുറക്കുന്നത് മാറ്റിവെച്ച് ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. കമ്മിന്‍സിന്‍റെ നടപടിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രശംസയാണ് ലഭിച്ചത്. ആഷസ് നേടിയ ആസ്‌ട്രേലിയന്‍ കളിക്കാന്‍ അവാര്‍ഡ് ദാനത്തിന് ശേഷം കുപ്പികൾ തുറക്കാൻ തയ്യാറായപ്പോൾ, അത്തരം ആഘോഷങ്ങളിൽ ഏർപ്പെടാൻ തന്റെ മതം അനുവദിക്കാത്തതിനാൽ ഉസ്മാൻ ക്വാജ മാറി നിന്നു. കമ്മിൻസ് അത് ശ്രദ്ധിക്കുകയും തന്റെ ടീമംഗങ്ങളോട് അൽപ്പ നേരത്തേക്ക് ഷാംപെയിന്‍ തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്യാപ്റ്റൻ ക്വാജയോട് ഫോട്ടോയ്‌ക്കായി വരാൻ ആംഗ്യം കാണിക്കുകയും, അതിനുശേഷം, മറ്റ് കളിക്കാരോട് അവരുടെ ആഘോഷം തുടരാനും ആവശ്യപ്പെട്ടു.

പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്‌ട്രേലിയ ഞായറാഴ്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 146 റൺസിന് പരാജയപ്പെടുത്തി ആഷസ് 4-0 ന് സ്വന്തമാക്കി. പകൽ-രാത്രി പോരാട്ടം 3 ദിവസത്തിനുള്ളിൽ ആതിഥേയർ അവസാനിപ്പിച്ചു. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 124 റണ്‍സിന് എല്ലാവരും പുറത്തായി. വിക്കറ്റ് നഷ്ടപ്പെടാതെ 68 റണ്‍സ് എന്ന സ്‌കോറില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച. ഓപ്പണര്‍മാരായ റോറി ബേണ്‍സ് 26(46) സാക് ക്രൗളി 36(66) എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്ന ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും ഇംഗ്ലണ്ടിന് ജയിക്കാനായില്ല.

നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഉസ്മാന്‍ ക്വാജ ഗംഭീരമാക്കിയിരുന്നു. ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ താരം ഈ ഗ്രൗണ്ടിലെ അപൂര്‍ നേട്ടവും സ്വന്തമാക്കി. സിഡ്‌നിയില്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്ററായിരിക്കുകയാണ് ഖവാജ. 1968/69ല്‍ വെസ്റ്റിന്‍ഡീസിനെതിരേ ഡഗ് വാള്‍ട്ടേഴ്‌സാണ് ഈ ഗ്രൗണ്ടില്‍ ആദ്യമായി രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയത്. പിന്നീട് 2005/06 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റിക്കി പോണ്ടിങ്ങും ഈ നേട്ടം സ്വന്തമാക്കി. ആഷസ് പരമ്പരയിലെ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ക്വാജ. ആദ്യ ഇന്നിങ്‌സില്‍ 260 പന്തില്‍ നിന്ന് 137 റണ്‍സെടുത്ത ക്വാജ രണ്ടാം ഇന്നിങ്‌സില്‍ 138 പന്തില്‍ നിന്ന് 101 റണ്‍സോടെ പുറത്താകാതെ നിന്നു. 2019-ലെ ആഷസ് പരമ്പരയിലാണ് ക്വാജ അവാനമായി ടെസ്റ്റ് കളിച്ചത്.

Similar Posts