Cricket
എറിഞ്ഞിട്ട ഹൈദരാബാദിനെ കറക്കിവീഴ്ത്തി പഞ്ചാബ്; സണ്‍റൈസേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് അഞ്ച് റണ്‍സ് വിജയം
Cricket

എറിഞ്ഞിട്ട ഹൈദരാബാദിനെ കറക്കിവീഴ്ത്തി പഞ്ചാബ്; സണ്‍റൈസേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് അഞ്ച് റണ്‍സ് വിജയം

Web Desk
|
25 Sep 2021 6:01 PM GMT

അവസാന ഓവർ എറിഞ്ഞ ആദ്യ ഐപിഎൽ കളിക്കുന്ന എല്ലിസിന്റെ പിഴക്കാത്ത ബോളിങിന് മുന്നിൽ പരിചയ സമ്പന്നായ ഹോൾഡറിന് തോൽവി വഴങ്ങേണ്ടി വന്നു.

ഇല്ല, പഞ്ചാബിനെ 125 റൺസിലൊതുക്കിയിട്ടും ഐപിഎൽ 14-ാം സീസണിൽ ഒറ്റ വിജയമെന്ന നാണക്കേട് മായ്ക്കാൻ 2016 ലെ കിരീട ജേതാക്കളായ ഹൈദരാബാദിനായില്ല. പഞ്ചാബ് കിങ്്‌സിനെതിരേ 5 റൺസിന്റെ തോൽവിയാണ് സൺ റൈസേഴ്‌സ് ഏറ്റുവാങ്ങിയത്.

ജെയ്‌സൺ ഹോൾഡർ പ്രതീക്ഷ നൽകിയില്ലെങ്കിലും അവസാന ഓവറിൽ വേണ്ടിയിരുന്ന 17 റൺസിൽ 11 റൺസ് നേടാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. അവസാന ഓവർ എറിഞ്ഞ ആദ്യ ഐപിഎൽ കളിക്കുന്ന എല്ലിസിന്റെ പിഴക്കാത്ത ബോളിങിന് മുന്നിൽ പരിചയ സമ്പന്നായ ഹോൾഡറിന് തോൽവി വഴങ്ങേണ്ടി വന്നു. സ്‌കോർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ്.

ചെറിയ വിജയലക്ഷ്യത്തിലേത്ത് ബാറ്റ് വീശിയ ഹൈദരാബാദിന് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ കൂറ്റനടിക്കാരൻ വാർണറിന്റെ വിക്കറ്റ് നഷ്ടമായി. ഷമിയാണ് വാർണറിന്റെ വിക്കറ്റ് വീഴ്ത്തിയത്. നായകൻ കെയിൻ വില്യംസണും സ്‌കോർ 10 നിൽക്കുമ്പോൾ ഷമിയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. പിന്നെ കണ്ടത് ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയ് യുടെ തേരോട്ടമായിരുന്നു. മനീഷ് പാണ്ഡെ (13), കേദാർ ജാദവ് (12), അബ്ദുൾ സമദ് (1) എന്നിവർ ബിഷ്‌ണോയിയുടെ ഇരകളായി. വാർണർക്ക് ഒപ്പം ഓപ്പണിങ് ഇറങ്ങിയ വൃദ്ധിമാൻ സാഹയ്‌ക്കൊപ്പം ഹോൾഡർ കൂടി ചേർന്നതോടെ ഹൈദരാബാദ് രണ്ടാം വിജയം സ്വപ്‌നം കണ്ടിരുന്നു. പക്ഷേ ഓട്ടത്തിനിടയിൽ പറ്റിയ പിഴവിലൂടെ സാഹ റണൗട്ടായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. പിന്നാലെ വന്ന റാഷിദ് ഖാന്റെ വിക്കറ്റ് അർഷദീപ് സിങും വീഴ്ത്തി.

പഞ്ചാബിന് വേണ്ടി രവി ബിഷ്‌ണോയ് 3 വിക്കറ്റും മുഹമ്മദ് ഷമി 2 വിക്കറ്റും അർഷദീപ് സിങ് 1 ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ജെയ്‌സൺ ഹോൾഡറിന്റെ ബൗളിങ് മികവിലാണ് പഞ്ചാബ് ഇന്നിംഗ്‌സ് ഹൈദരാബാദ് 125 റൺസിലൊതുക്കിയത്. ജയ്‌സൺ ഹോൾഡർ നാലോവറിൽ 19 റൺസ് മാത്രം വിട്ട് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. പഞ്ചാബ് ബാറ്റിംഗ് നിരയിൽ ആർക്കും തിളങ്ങാനായില്ല. 27 റൺസെടുത്ത ആദം മാർക്രമാണ് പഞ്ചാബിൻറെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ കെ.എൽ രാഹുൽ 21 റൺസെടുത്ത് പുറത്തായി .

നേരത്തെ ടോസ്‌നേടി ബൌളിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻറെ തീരുമാനത്തെ ശരി വക്കുന്നതായിരുന്നു ഹൈദരാബാദ് ബൌളർമാരുടെ പ്രകടനം. നാലാം ഓവറിൽ തന്നെ ക്യാപ്റ്റൻ കെ.എൽ രാഹുലിനെ നഷ്ടമായ പഞ്ചാബിൻറെ വിക്കറ്റുകൾ പിന്നീട് കൃത്യമായ ഇടവേളകളിൽ നഷ്ടമായിക്കൊണ്ടിരുന്നു. സ്‌കോർ 100 കടക്കും മുമ്പേ പഞ്ചാബിൻറെ പ്രധാനപ്പെട്ട ബാറ്റ്‌സ്മാൻമാരെല്ലാം കൂടാരം കയറി. വെസ്റ്റ് ഇൻഡീസ് ഓൾറൌണ്ടർ ജെയ്‌സൺ ഹോൾഡറാണ് മൂന്ന് വിക്കറ്റ് നേടി പഞ്ചാബ് ബൌളിംഗ് നിരയെ മുന്നിൽ നിന്ന് നയിച്ചത്. കെ.എൽ രാഹുലിൻറേയും മായങ്ക് അഗർവാളിൻറേയും ദീപക് ഹൂഡയുടേയും വിക്കറ്റുകളാണ് ഹോൾഡർ നേടിയത്.

Related Tags :
Similar Posts