ഇന്ത്യയുടെ 'ഹൈബ്രിഡ് മോഡൽ' തള്ളി പാകിസ്താൻ; ചാമ്പ്യൻസ് ട്രോഫിക്ക് നിഷ്പക്ഷവേദി പരിഗണനയിലില്ല
|ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിൽ നടത്തണമെന്ന് ബിസിസിഐ പാക് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു
മുംബൈ: അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യ മുന്നോട്ടുവെച്ച നിഷ്പക്ഷ വേദിയെന്ന ഹൈബ്രിഡ് മോഡൽ നിർദേശം തള്ളി പാകിസ്താൻ രംഗത്തെത്തി. ഇത്തരമൊരു നിർദേശം അംഗീകരിച്ചതായുള്ള മാധ്യമ വാർത്തകൾ തെറ്റാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വ്യക്തമാക്കി. ഹൈബ്രിഡ് മോഡലിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും മത്സരത്തിനായി അത്തരം പദ്ധതികളൊന്നും തയ്യാറാക്കുന്നില്ലെന്നും പിസിബി വൃത്തങ്ങൾ വ്യക്തമാക്കി. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ സ്റ്റേഡിയങ്ങളിലായി ചാമ്പ്യൻസ് ട്രോഫി നടത്താനാണ് പാകിസ്താൻ തയാറെടുക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷവേദിയായ ദുബൈയിൽ നടത്തണമെന്ന് ബിസിസിഐ പാക് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താനിലേക്കില്ലെന്നാണ് തങ്ങളുടെ ഉറച്ച നിലപാടെന്നും അത് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. സർക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9വരെ പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ റാങ്കിംഗിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക. ഏകദിന ഫോർമാറ്റിലാണ് ഇത്തവണ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് അരങ്ങേറുന്നത്.
രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഒരു ദശാബ്ദത്തിലേറെയായി ഇരു ടീമുകളും ഉഭയകക്ഷി പരമ്പരയിൽ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. ഐസിസി മത്സരങ്ങളിൽ മാത്രമാണ് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി പാകിസ്താൻ ഇന്ത്യയിലെത്തിയിരുന്നു. അതേസമയം, അടുത്ത വർഷം ആദ്യം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ആരാധകർക്ക് വേഗത്തിലുള്ള വിസ വിതരണ നയം പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി ഉറപ്പ് നൽകിയിരുന്നു.