പാക് ടീമിൽ വിവാദങ്ങൾ പുകയുന്നു; ബാബറിനെ പിന്തുണച്ച ഫഖർ സമാന് ഷോകോസ് നോട്ടീസ്
|ഇസ്‍ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിൽ വിവാദങ്ങൾ പുകയുന്നു. പാക് താരം ഫഖർ സമാന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഷോകോസ് നോട്ടീസയച്ചതാണ് പുതിയ വാർത്ത. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും ബാബർ അസമിനെ പുറത്തിരുത്തിയ തീരുമാനത്തിനെതിരെ രംഗത്തെത്തിയതിനാണ് നടപടി.
രണ്ടാം ടെസ്റ്റിൽ നിന്നും ബാബറിനെ പുറത്തിരുത്തുന്നെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ഫഖർ സമാൻ എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:‘‘ബാബർ അസമിനെ പുറത്തിരുന്നുണ്ടെന്ന വാർത്തകൾ കേൾക്കുന്നു. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ കോഹ്‍ലിയെ ഇന്ത്യ ബെഞ്ചിലിരുത്തിയിരുന്നില്ല. അന്ന് അദ്ദേഹത്തിന്റെ ശരാശരി യഥാക്രമം 19.33, 28.21, 26.50 എന്നിങ്ങനെയായിരുന്നു. നമ്മുടെ പ്രീമിയർ ബാറ്ററെ, പാകിസ്താൻ ഉൽപാദിപ്പിച്ച ഏറ്റവും മികച്ച ബാറ്ററെ പുറത്തിരുത്തുകയാണെങ്കിൽ അത് ടീമിന് നൽകുന്നത് നെഗറ്റവീവ് സന്ദേശമാണ്. നമ്മുടെ പ്രധാനതാരങ്ങളെ ഇകഴ്ത്തുന്നതിന് പകരം സുരക്ഷാ കവചമൊരുക്കുകയാണ് വേണ്ടത്’’.
ഈ പോസ്റ്റാണ് പാക് ക്രിക്കറ്റ് ബോർഡിനെ പ്രകോപിപ്പിച്ചത്. വിഷയത്തിൽ ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ബോർഡിന്റെ നിലപാട്. ഫഖർ പൊതുയിടത്തിൽ അഭിപ്രായപ്രകടനം നടത്താൻ പാടില്ലായിരുന്നുവെന്ന് പി.സി.ബി വൃത്തങ്ങൾ ഇ.എസ്.പി.എൻ ക്രിക് ഇൻഫോയോട് പ്രതികരിച്ചു. മോശം ഫോമിൽ തുടരുന്ന ബാബർ ഏകദിന, ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം അടുത്തിടെ രാജിവെച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെയാണ് രണ്ടാം ടെസ്റ്റിൽ നിന്നും ബാബറിനെ മാറ്റിയത്.