വാക്കുകൾ അതിരുവിട്ടു; കംറാൻ അക്മൽ പെട്ടു: നോട്ടീസ് അയച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
|പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിനെതിരെയും ചെയര്മാനെതിരെയുമാണ് കംറാന്‍ അക്മല്‍ സംസാരിച്ചിരുന്നത്.
ലാഹോര്‍: അപകീർത്തികരവും കുറ്റകരവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പാകിസ്താൻ മുൻതാരം കംറാൻ അക്മലിന് വക്കീൽ നോട്ടീസ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിനെതിരെയും ചെയര്മാനെതിരെയുമാണ് കംറാന്‍ അക്മല്‍ സംസാരിച്ചിരുന്നത്.
അതേസമയം സ്വന്തം യൂട്യൂബ് ചാനലുകളുള്ള മറ്റ് ചില മുൻ താരങ്ങൾക്കെതിരെയും പി.സി.ബി വക്കീല്‍ നോട്ടീസ് അയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ വീഡിയോയിലും ഇത്തരത്തിലുള്ള പരാമര്ശങ്ങളുള്ളതിനെ തുടര്‍ന്നാണ് നടപടിക്കൊരുങ്ങുന്നത്. ആരെങ്കിലും ഇത്തരത്തില്‍ പാകിസ്താന് ക്രിക്കറ്റിനെ അപകീര്‍ത്തിപ്പെടുത്തുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് റമീസ് രാജ അറിയിക്കുന്നത്.
സ്വന്തം യൂട്യൂബ് ചാനലിലോ ടെലിവിഷൻ ചര്‍ച്ചകളിലോ ഏതെങ്കിലും മുൻ കളിക്കാരുടെ അഭിപ്രായങ്ങൾ അപകീർത്തികരമാണെന്ന് കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കാൻ പിസിബിയുടെ നിയമ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ പാകിസ്താന് ടീമിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ വിമര്‍ശനം കനക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടിയുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുന്നത്.