ചാമ്പ്യൻസ് ട്രോഫി നടത്തണം; ജയ് ഷാ സഹായിക്കുമെന്ന പ്രതീക്ഷയിൽ പാകിസ്താൻ
|1999ൽ ചെന്നൈ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനം വസീം അക്രമിന് സ്റ്റാൻഡിങ് ഒവേഷൻ നൽകിയിട്ടുണ്ട്. 2006ൽ ധോണിയോട് ആ നീളൻ മുടി വെട്ടിക്കളരുതെന്ന് പറഞ്ഞത് പാകിസ്താൻ പ്രസിഡന്റായിരുന്ന പർവേസ് മുഷറഫാണ്. പക്ഷേ രണ്ടുരാജ്യങ്ങളിലെയും രാഷ്ട്രീയ കാലാവസ്ഥയാകെ മാറിയിരിക്കുന്നു.
പോയ പതിറ്റാണ്ടിൽ ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച സംഘമായി മാറിയപ്പോൾ പാകിസ്താൻ അവരുടെ പ്രതാപകാലത്തിന്റെ ഒരു നിഴൽ മാത്രമായി മാറി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റിൽ ബംഗ്ലദേശിനോടേറ്റ പത്തുവിക്കറ്റിന്റെ പരാജയം അവർക്ക് മുമ്പൊന്നുമില്ലാത്ത നാണക്കേടുണ്ടാക്കിയിരിക്കുന്നു. തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സൺ കുറിച്ചതിങ്ങനെ. ‘‘ ഞാൻ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുമ്പോൾ അതിന്റെ നിലവാരം ഗംഭീരമായിരുന്നു. മികച്ച യുവതാരങ്ങളും ക്രിക്കറ്റിനോട് പ്രതിബദ്ധതയുള്ള താരങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ എന്താണ് പാകിസ്താൻ ക്രിക്കറ്റിന് സംഭവിക്കുന്നത്’’.
പാക് പേസ് പട ക്രിക്കറ്റ് ലോകത്തെ മുൾമുനയിൽ നിർത്തിയ കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ പാകിസ്താൻ പേസ് പട ശരാശരിയോ അതിലും താഴെയോ മാത്രമായിരിക്കുന്നു. ബംഗ്ലാദേശിനെതിരെയുളള നാണക്കേടിന് പിന്നാലെ ഏറ്റവുമധികം വിമർശനങ്ങൾ ഉയരുന്നതും പാകിസ്താൻ ബൗളിങ് ലൈനപ്പിനെതിരെയാണ്. പക്ഷേ എന്തും സംഭവിച്ചോട്ടെ, അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ചാമ്പ്യൻസ്ട്രോഫിയിലേക്കാണ് അവരുടെ കണ്ണുകളെല്ലാം നീളുന്നത്. സ്വന്തം നാട്ടിൽ ഒരു ഐ.സി.സി ടൂർണമെന്റ് വിജയകരമായി നടത്താൻ അവർ വല്ലാതെ ആഗ്രഹിക്കുന്നു. 1996 ലോകകപ്പിൽ ഇന്ത്യക്കും ലങ്കക്കുമൊപ്പം സംയുക്ത ആതിഥേയരായ ശേഷം ഒരു ഐ.സി.സി ടൂർണമെന്റ് പോലും അവിടെ അരങ്ങേറിയിട്ടില്ല.
നടത്തിപ്പുകാർ പാകിസ്താൻ ആയിരുന്നെങ്കിലും 2021 ട്വന്റി 20 ലോകകപ്പ് നടന്നത് യു.എ.ഇയിലാണ്. പോയവർഷത്തെ ഏഷ്യകപ്പാകട്ടെ, ഇന്ത്യയുടെ താൽപര്യപ്രകാരം ഹൈബ്രിഡ് മോഡലിൽ പാതി ലങ്കയിലായാണ് നടത്തിയത്. ഓസീസും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമെല്ലാം പാക് മണ്ണിൽ പരമ്പരക്കെത്തുന്നുണ്ട്. പക്ഷേ അതുകൊണ്ട് കാര്യമില്ല. വരുമാനം കുമിഞ്ഞുകൂടാനും 100 ശതമാനവും സുരക്ഷിതമാണെന്ന് ലോകത്തോട് പറയാനും ഇന്ത്യ തന്നെ വരണം. അതുതന്നെ കോഹ്ലി്യും രോഹിതുമടക്കമുള്ള സൂപ്പർതാരങ്ങൾ തന്നെ കളിക്കണമെന്ന് അവർ മോഹിക്കുന്നു.
ഒരു കാലത്ത് മൈതാനങ്ങളിൽ ഇന്ത്യയോട് കോർത്തിരുന്ന പാക് മുൻതാരങ്ങൾ ഇപ്പോൾ ഇന്ത്യക്ക് മുന്നിൽ അപേക്ഷയുടെ സ്വരം സ്വീകരിച്ചിരിക്കുകയാണ്. രോഹിതും കോഹ്ലിിയും വിരമിക്കലിന് മുന്നേ പാക് മണ്ണിലെത്തണമെന്നാണ് പോയദിവസം മുൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ പ്രതികരിച്ചത്. ലോകത്ത് മറ്റെവിടെയും കാണാത്ത ആരാധകക്കൂട്ടത്തെ പാകിസ്താനിൽ കാണാമെന്നും അക്മൽ കൂട്ടിച്ചേർത്തു.
ഞങ്ങളുടെ രാജ്യത്തിലേക്ക് ഇന്ത്യയെ സ്വാഗതം ചെയ്യുകയാണ്. ഞാൻ ഇന്ത്യയിലെത്തിയപ്പോൾ സ്നേഹവും ബഹുമാനവും ആവോളം ലഭിച്ചിട്ടുണ്ട്. ഇന്ത്യ ഇങ്ങോട്ട് വന്നപ്പോൾ അവർക്കും അങ്ങനെത്തന്നെയായിരുന്നു. ക്രിക്കറ്റ് താരങ്ങളുടെ ബന്ധത്തിൽ രാഷ്ട്രീയം കലരരുത് -ഷാഹിദ് അഫ്രീദിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ശുഐബ് മാലിക് പ്രതികരിച്ചതിങ്ങനെ - പാകിസ്താനിൽ വരാത്ത ഇന്ത്യൻ താരങ്ങൾക്ക് ഇതൊരു നല്ല അവസരമാണ്. ഞങ്ങൾ നല്ല മനുഷ്യരും ആതിഥേയ മര്യാദയുള്ളവരുമാണ്. പോയ വർഷം ഞങ്ങൾ ഇന്ത്യയിൽ ഏകദിന ലോകകപ്പിന് വന്നു. ഇനി ഇന്ത്യയുടെ ഊഴമാണ്.
അതിനിടയിൽ പാകിസ്താനുമായി ടെസ്റ്റ് കളിക്കാൻ ആഗ്രഹമുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തുറന്നുപറഞ്ഞിരുന്നു. 2007 ഡിസംബറിൽ ബെംഗളൂരുവിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ അവസാനമായി ടെസ്റ്റിൽ കൊമ്പുകോർത്തത്. തുടർന്നുനടന്ന മുംബൈ ഭീകരാക്രമണവും ഇരു രാജ്യങ്ങളിലെയും മാറിയ രാഷ്ട്രീയ അന്തരീക്ഷങ്ങളുമെല്ലാം വീണ്ടുമൊരു ടെസ്റ്റ് മത്സരം അസാധ്യമാക്കുകായിരുന്നു.
പേരിൽ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണെങ്കിലും ബി.സി.സി.ഐക്ക് മുകളിലൂടെ പറക്കാനും അനിഷ്ടമായത് ചെയ്യാനുമുള്ള പ്രാപ്തിയും അധികാരവും ഐ.സി.സിക്കില്ലെന്ന് മറ്റാരെക്കാളും അറിയുന്നത് പാകിസ്താനാണ്. അവരത് പലകുറി കണ്ടതുമാണ്. ജയ് ഷാ ലോകക്രിക്കറ്റിന്റെ അമരത്തേക്ക് നടന്നുകയറുമ്പോൾ ഒരു വാക്കിനാൽ പോലും എതിർക്കാതെ നിശബദ്മായിരിക്കുന്ന പാകിസ്താനെയാണ് ലോകം കണ്ടത്. അതൊരു ഡിേപ്ലാമസിയാണ്. തങ്ങൾ ആറ്റുനോറ്റിരിക്കുന്ന ചാമ്പ്യൻസ്ട്രോഫി നടത്താനുള്ള തന്ത്രപരമായ നീക്കം. മുൻ പാകിസ്താൻ നായകൻ റഷീദ് ലത്തിഫ് അത് പരസ്യമായിത്തന്നെ പറയുകയും ചെയ്തു. ജയ്ഷായുമായി പാകിസ്താന് ഒരു അണ്ടർസ്റ്റാൻഡിങ് ഉണ്ട്. ഇന്ത്യക്ക് പാകിസ്താനിലേക്ക് വരാനുള്ള പാതി അനുമതി കിട്ടിയിട്ടുണ്ടെന്നും റഷീദ് ലത്തീഫ് പറഞ്ഞു.
വിവാദങ്ങളുയർന്നെങ്കിലും ഇന്ത്യൻ കബഡി ടീം പാകിസ്താൻ സന്ദർശിച്ചിരുന്നു. ഈ വർഷമാദ്യം ഡേവിസ് കപ്പിനായി ടെന്നിസ് ടീം പാക് മണ്ണിലേക്ക് പോയി. വേണ്ടിവന്നാൽ അവിടെപ്പോകാൻ തയ്യാറാണെന്നാണ് ഹോക്കി ഇന്ത്യ പ്രസിഡന്റ ദിലീപ് ടർക്കി പറഞ്ഞത്. ഇന്ത്യൻ ഫുട്ബോൾ അസോസിയഷന്റെ വിളികേട്ട് പാകിസ്താൻ ബെംഗളൂരുവിൽ പന്തുതട്ടി. പിന്നെയെന്താണ് ക്രിക്കറ്റിന് മാത്രമായി മറ്റൊരു നിയമമെന്നാണ് പലരും ചോദിക്കുന്നത്.
ഇനി പന്ത് ജയ് ഷായുടെ കോർട്ടിലാണ്. പാകിസ്താൻ സന്ദർശിക്കാനുള്ള ക്രിക്കറ്റ് ലോകത്തിന്റെ സമ്മർദം സ്വീകരിക്കണോ അതോ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ വിളി കേൾക്കണോ എന്ന ചോദ്യം അദ്ദേഹത്തിന് മുന്നിലുണ്ട്. കാത്തിരുന്ന് കാണാം.