Cricket
sanjusamson
Cricket

''മറ്റേതെങ്കിലും രാജ്യത്തിനായി കളിക്കൂ''; സഞ്ജുവിനോട് ആരാധകർ

Web Desk
|
5 Sep 2023 12:54 PM GMT

സൂര്യകുമാര്‍ യാദവ് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിനെ ചൊല്ലിയും വിവാദം

ഈ വർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിനലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഒരിക്കൽ കൂടി മലയാളി താരം സഞ്ജു സാംസൺ തഴയപ്പെട്ടു. ഹര്‍ദിക് പാണ്ഡ്യയാണ് ടീം ഉപനായകന്‍. കെ.എൽ രാഹുൽ, ഇഷൻ കിഷൻ എന്നിങ്ങനെ രണ്ട് വിക്കറ്റ് കീപ്പർമാരാണ് ടീമിലുള്ളത്. ഹർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിങ്ങനെ നാല് ഓൾറൗണ്ടർമാർ ടീമിലുണ്ട്.

സഞ്ജുവിന് പുറമേ രാജസ്ഥാന്‍ ടീമില്‍ സഞ്ജുവിന്‍റെ സഹതാരമായ യുസ്‍വേന്ദ്ര ചാഹലിന്‍റെ പുറത്താകലും ആരാധകരെ ഏറെ നിരാശയിലാഴ്ത്തി. സ്‌പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് മാത്രമാണ് ടീമില്‍ ഇടംപിടിച്ചത്. അതേസമയം സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടംപിടിച്ചതിനെ ചൊല്ലിയും വിവാദം പുകയുന്നുണ്ട്. ടി20 സ്പെഷ്യലിസ്റ്റായ സൂര്യയുടെ ഏകദിനത്തിലെ പ്രകടനം അത്രക്ക് ആശാവഹമല്ല. ഇതുവരെ 26 ഏകദിനം കളിച്ച സൂര്യ കുമാർ രണ്ട് തവണയാണ് അർധ ശതകം നേടിയത്. മാർച്ചിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തുടരെ പൂജ്യത്തിനു പുറത്തായി നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കിയ താരമാണ് സൂര്യ കുമാർ. ഏകദിനത്തില്‍ സൂര്യയേക്കാള്‍ ഏറെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്‍റേത് എന്നിരിക്കേ സഞ്ജു തഴയപ്പെട്ടതിലുള്ള അമര്‍ഷം പരസ്യമാക്കുകയാണ് ആരാധകര്‍.

ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(നായകൻ). ഹര്‍ദിക് പാണ്ഡ്യ(ഉപനായകന്‍). ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

വീണ്ടും ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തുമ്പോൾ ഇരട്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2013ലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഒരു ഐ.സി.സി കിരീടം ഇന്ത്യയ്ക്ക് നേടാനായിട്ടില്ല. ഇന്ത്യ ആതിഥ്യംവഹിച്ച 2011 ലോകകപ്പിലെ ചരിത്രം ആവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മൂന്നു പതിറ്റാണ്ടോളം നീണ്ട ഇന്ത്യന്‍ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച മഹേന്ദ്ര സിങ് ധോണിയുടെയും സംഘത്തിന്‍റെയും മാജിക്ക് രോഹിത് ശര്‍മയുടെ പടയ്ക്ക് ആവര്‍ത്തിക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Similar Posts