ഇന്ത്യക്ക് നിർണായക ടെസ്റ്റ്; ടോസ് ചെയ്യുന്നത് പ്രധാനമന്ത്രി
|അഹമ്മദാബാദിൽ ജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്
ഇന്ത്യയും ആസ്‌ത്രേലിയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിക്കായുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം തുടങ്ങുന്നത് വ്യാഴാഴ്ചയാണ്. മത്സരത്തിന്റെ ടോസ് ചെയ്യുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാവുമെന്നാണ് റിപ്പോർട്ടുകൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.
ടെസ്റ്റിന്റെ ഉദ്ഘാടന ദിവസം ഇന്ത്യൻ പ്രധാനമന്ത്രിയോടപ്പം ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് സ്‌റ്റേഡിയത്തിൽ ഇരു നേതാക്കളുടെയും ബാനറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരു നേതാക്കളുടെയും സാന്നിധ്യം അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്‌പോർട്‌സിന്റെ പ്രധാന്യം വിളിച്ചോതുന്നതാണ്.
നാളെ നടക്കുന്ന മത്സരം കാണാൻ ഒരു ലക്ഷത്തിൽപരം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. 1,32,000 മാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. സംഘാടകരുടെ കണക്കുകൂട്ടൽ പ്രകാരം കാണികളെത്തിയാൽ അത് ചരിത്രമാവും. ഒരു ടെസ്റ്റ്മാച്ചിന്റെ ആദ്യദിവസം ഏറ്റവും കൂടുതൽ കാണികൾ എന്ന റെക്കോർഡ് സ്വന്തമാക്കാം. മെൽബണിൽ വെച്ച് നടന്ന 2013-14 സീസണിലെ ആഷസ് മത്സരത്തിനാണ് നിലവിൽ ഈ റെക്കോർഡ്. 91,112 പേരായിരുന്നു അന്ന് സ്റ്റേഡിയത്തിലെത്തിയത്.
അഹമ്മദാബാദിൽ ജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. മറിച്ചായാൽ ശ്രീലങ്ക - ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. എന്നാൽ ഒമ്പത് വിക്കറ്റ് ജയത്തോടെ ഓസീസ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. അതേസമയം, അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും ന്യൂസീലൻഡിനെതിരായ പരമ്പര ലങ്ക തൂത്തുവാരുകയും ചെയ്താൽ ഓസീസിനൊപ്പം ശ്രീലങ്ക ഫൈനലിന് യോഗ്യത നേടും.