നാല് ഇന്ത്യക്കാർ, നായകൻ രോഹിത്: പോണ്ടിങിന്റെ ഇന്ത്യ-ആസ്‌ട്രേലിയ സംയുക്ത ഇലവൻ ഇങ്ങനെ...
|ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായിട്ടായിരുന്നു പോണ്ടിങിന്റെ തെരഞ്ഞെടുപ്പ്
മെല്‍ബണ്‍: ഇന്ത്യയുടെയും ആസ്ട്രേലിയയുടെയും സംയുക്ത ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായിട്ടായിരുന്നു പോണ്ടിങിന്റെ തെരഞ്ഞെടുപ്പ്. ഇന്ത്യയുടെ നാലു താരങ്ങളും ആസ്ട്രേലിയയുടെ ഏഴ് താരങ്ങളും അടങ്ങുന്നതാണ് ഇലവന്‍. രോഹിത് ശര്‍മ്മയാണ് നായകന്‍.
രോഹിത്തിനൊപ്പം ഉസ്മാന്‍ ഖവാജയെ ആണ് പോണ്ടിംഗ് ഓപ്പണറായി തെരഞ്ഞെടുത്തത്. ഡേവിഡ് വാര്‍ണര്‍ ഇല്ല. വണ്‍ ഡൗണായി മാര്‍നസ് ലാബുഷെയ്ന്‍ എത്തുന്ന ടീമില്‍ വിരാട് കോലിയാണ് നാലാം നമ്പറില്‍. സ്റ്റീവ് സ്മിത്താണ് അഞ്ചാം നമ്പറില്‍. രവീന്ദ്ര ജഡേജയാണ് പോണ്ടിംഗിന്‍റെ സംയുക്ത ഇലവനില്‍ ഇടം നേടിയ മൂന്നാമത്തെ താരം. ആസ്ട്രേലിയയുടെ അലക്സ് ക്യാരിയെയാണ് വിക്കറ്റ് കീപ്പറായി പോണ്ടിങിന്റെ ടീമിലെത്തിയത്.
ആസ്ട്രേലിയയുടെ നേഥന്‍ ലിയോണ്‍ പോണ്ടിംഗിന്‍റെ ടീമിലെത്തിയപ്പോള്‍ അശ്വിനെ മുന്‍ ഓസീസ് നായകന്‍ പരിഗണിച്ചില്ല. പേസര്‍ മുഹമ്മദ് ഷമിയാണ് പോണ്ടിംഗിന്‍റെ ടീമില്‍ ഇടം നേടിയ നാലാമത്തെ ഇന്ത്യന്‍ താരം. ടെസ്റ്റ് ക്രിക്കറ്റിലും സമീപകാലത്ത് ഐപിഎല്ലിലും ഷമി പുറത്തെടുക്കുന്ന മികവ് അവിശ്വസനീയമാണെന്ന് പോണ്ടിങ് പറയുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് പോണ്ടിംഗിന്‍റെ ടീമിലെ മറ്റ് രണ്ട് പേസര്‍മാര്‍.
ജൂണ്‍ ഏഴിന് ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലിലാണ് ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം പക്ഷേ ന്യൂസീലന്‍ഡിനോട് ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.
പോണ്ടിങിന്റെ ഇലവൻ ഇങ്ങനെ: രോഹിത് ശർമ്മ (നായകന്‍), ഉസ്മാൻ ഖവാജ, മർനസ് ലബുഷെയിന്‍, വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, രവീന്ദ്ര ജഡേജ, അലക്‌സ് കാരി (വിക്കറ്റ്കീപ്പര്‍ ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, മുഹമ്മദ് ഷമി