അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചത് മൂലം ഇംഗ്ലണ്ടിന് നഷ്ടം 200 കോടി
|ഐ.പി.എൽ തുടരുന്നില്ലെങ്കിൽ മത്സരം നടത്തും; ചർച്ചക്കായി സെപ്തംബർ 22 ന് സൗരവ് ഗാംഗൂലി ഇംഗ്ലണ്ടിലേക്ക്
ലണ്ടൻ: മാഞ്ചസ്റ്ററിൽ വെച്ച് വെള്ളിയാഴ്ച നടക്കാനിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് അവസാന നിമിഷം മാറ്റിവെച്ചത് മൂലം ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന് 200 കോടിയുടെ നഷ്ടം. ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ഭീഷണിയായതോടെയാണ് മത്സരം ഒഴിവാക്കിയത്. എന്നാൽ സെപ്തംബർ 19 മുതൽ ഐ.പി.എൽ തുടരുന്നില്ലെങ്കിൽ മത്സരം നടക്കാൻ സാധ്യതയുണ്ട്.
മത്സരം വീണ്ടും ഷെഡ്യൂൾ ചെയ്യാനുള്ള ചർച്ചക്കായി സെപ്തംബർ 22 ന് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) പ്രസിഡൻറ് സൗരവ് ഗാംഗൂലി ഇംഗ്ലണ്ടിലേക്ക് പോകും. ഇ.സി.ബി അധികൃതരുമായി അദ്ദേഹം ചർച്ച നടത്തും. തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടറിൽ ദിനം കണ്ടെത്തുന്നത് ശ്രമകരമാണെങ്കിലും മത്സരം നടത്താമെന്ന് ബി.സി.സി.ഐ പറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ അസിസ്റ്റൻറ് ഫിസിയോ യോഗേഷ് പാർമർ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇന്ത്യ വ്യാഴാഴ്ചത്തെ പരിശീലന സെഷൻ ഒഴിവാക്കിയിരുന്നു. തുടർന്ന് ആർടിപിസിആർ ടെസ്റ്റ് ചെയ്തപ്പോൾ എല്ലാ താരങ്ങളുടെയും റിസൾട്ട് നെഗറ്റീവായിരുന്നു. പക്ഷേ, കളിക്കാൻ താരങ്ങൾ ആശങ്ക അറിയിച്ചതോടെയാണ് മത്സരം മാറ്റിയത്.