വഴിയടയുന്നോ? പുജാരക്ക് രഞ്ജിയിലും രക്ഷയില്ല
|സൗരാഷ്ട്ര താരമായ പുജാര മുംബൈക്കെതിരെ പൂജ്യത്തിനാണ് പുറത്തായത്. നേരിട്ട നാലാം പന്തിൽ മുംബൈ താരം മോഹിത് അവാസ്തി പൂജാരയെ എൽബിയിൽ കുരുക്കുകയായിരുന്നു.
രാജ്യാന്തര വേദിയിലെ തുടർ പരാജയങ്ങളെ തുടർന്ന് ഫോം വീണ്ടെടുക്കാനാത്തെിയ ചേതേശ്വര്‍ പുജാരയ്ക്ക് രഞ്ജി ട്രോഫിയിലും തിരിച്ചടി. സൗരാഷ്ട്ര താരമായ പുജാര മുംബൈക്കെതിരെ പൂജ്യത്തിനാണ് പുറത്തായത്. നേരിട്ട നാലാം പന്തിൽ മുംബൈ താരം മോഹിത് അവാസ്തി പൂജാരയെ എൽബിയിൽ കുരുക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ രഞ്ജി ട്രോഫി കളിക്കാനെത്തിയ പുജാരക്ക് ഇനി എളുപ്പത്തില്‍ മടങ്ങിവരവ് സാധ്യമായേക്കില്ല. ശ്രീലങ്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുജാര പുറത്തായിക്കഴിഞ്ഞു. ഇതേ മത്സരത്തിൽ കളിക്കുന്ന മുംബൈ താരം അജിൻക്യ രഹാനെ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി ഫോം വീണ്ടെടുത്തെങ്കിലും ലങ്കയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
മുംബൈയ്ക്കായി നാലാമനായി ക്രീസിലെത്തിയ രഹാനെ 290 പന്തിൽ 17 ഫോറും രണ്ടു സിക്സും സഹിതം 129 റൺസാണ് സ്കോര്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍ അജിന്‍ക്യ രഹാനെയും പുജാരയും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 2018-19ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേടിയപ്പോള്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 521 റണ്‍സുമായി ഗംഭീര പ്രകടനമാണ് പുജാര കാഴ്ചവെച്ചത്. എന്നാല്‍ അതിന് ശേഷം മികച്ച ഒന്നോ രണ്ടോ പ്രകടനം മാത്രമാണ് അദ്ദേഹത്തിന് കാഴ്ചവെക്കാനായത്.
ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), മയാങ്ക് അഗർവാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ