ധവാന്‍ ധമാക്ക; പഞ്ചാബിന് മികച്ച സ്കോര്‍
|ചെന്നൈക്കായി ഡ്വൈന്‍ ബ്രാവോ രണ്ടു വിക്കറ്റ് വീഴ്ത്തി
അർധ സെഞ്ച്വറി നേടിയ ശിഖർ ധവാന്‍റേയും 42 റണ്‍സെടുത്ത ബനൂക രാജപക്‌സേയുടേയും മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 187 റൺസെടുത്തു. ശിഖർ ധവാൻ 59 പന്തിൽ രണ്ട് സിക്‌സുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയിൽ 88 റൺസെടുത്ത് പുറത്താവാതെ നിന്നു. രാജപക്‌സേ 32 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിലാണ് 42 റൺസെടുത്തത്. മത്സരത്തിനിടെ രാജ്പക്‌സേയെ പുറത്താക്കാൻ കിട്ടിയ രണ്ട് സുവർണാവസരങ്ങളാണ് ചെന്നൈ ഫീൽഡർമാർ നഷ്ടപ്പെടുത്തിക്കളഞ്ഞത്.
പഞ്ചാബ് നിരയിൽ ക്യാപ്റ്റൻ മായങ്ക് അഗർവാളും രാജ്പക്‌സേയും ലിയാം ലിവിങ്സറ്റണുമാണ് പുറത്തായത്. ചെന്നൈക്കായി ഡ്വൈന്‍ ബ്രാവോ രണ്ടു വിക്കറ്റ് വീഴ്ത്തി.
അഞ്ചാം ഓവറിൽ ടീം സ്‌കോർ 37 ൽ നിൽക്കേ മായങ്ക് പുറത്തായതിന് ശേഷം ഒത്തു ചേർന്ന ധവാന്‍- രാജ്പക്‌സേ ജോഡി 117 റൺസിന്റെ കൂട്ടുകെട്ടാണ് പഞ്ചാബിനായി പടുത്തുയർത്തിയത്. അവസാന ഓവറുകളില്‍ ലിയാം ലിവിങ്സറ്റണ്‍ തകര്‍ത്തടിച്ചു. വെറും ഏഴ് പന്തില്‍ നിന്ന് രണ്ട് സിക്സുകളുടേയും ഒരു ഫോറിന്‍റേയും അകമ്പടിയില്‍ 19 റണ്‍സെടുത്ത് ലിവിങ്സ്റ്റണ്‍ പുറത്തായി. നേരത്തെ ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.