Cricket
അടിയോടടി; ഒടുവില്‍ പഞ്ചാബ് റിയല്‍ കിങ്സ്
Cricket

അടിയോടടി; ഒടുവില്‍ പഞ്ചാബ് റിയല്‍ കിങ്സ്

Sports Desk
|
27 March 2022 6:02 PM GMT

ബാഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്

അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് ബാഗ്ലൂരിനെ തകർത്തത്. 43 റൺസ് വീതം നേടിയ ബനൂക്കാ രാജ്പക്‌സേയുടേയും ശിഖർ ധവാന്റേയും മികവിലാണ് പഞ്ചാബ് ബാഗ്ലൂർ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം മറികടന്നത്. ഒരോവര്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബിന്‍റെ വിജയം. നാല് സിക്‌സറുകളുടെയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ വെറും 22 പന്തിൽ നിന്നാണ് രാജ്പക്‌സെ 43 റൺസെടുത്തത്.

അവസാന ഓവറുകളിൽ ഒഡെയാൻ സ്മിത്ത് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിനെ വിജയതീരമണച്ചത്. ഒഡെയാൻ മൂന്ന് സിക്‌സുകളുടെയും ഒരു ഫോറിന്‍റേയും അകമ്പടിയിൽ 25 റൺസെടുത്തു. അവസാന ഓവറുകളിൽ ഒഡെയാന് ഷാറൂഖാൻ മികച്ച പിന്തുണയാണ് നൽകിയത്. രണ്ട് സിക്സറുകളുടേയും ഒരു ഫോറിന്‍റേയും അകമ്പടിയില്‍ ഷാറൂഖ് 24 റണ്‍സെടുത്തു. 13ാം ഓവറിൽ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് ബാഗ്ലൂരിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ പഞ്ചാബ് ബാറ്റര്‍മാര്‍ ആ പ്രതീക്ഷകളെ മുഴുവന്‍ തല്ലിക്കെടുത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്‍റെയും 41 റണ്‍സെടുത്ത മുന്‍ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടേയും മികവിലാണ് 205 റണ്‍സ് പടുത്തുയര്‍ത്തിയത്. ഡുപ്ലെസിസ് ഏഴ് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ 88 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ മൂന്നാമനായിറങ്ങിയ ദിനേശ് കാര്‍ത്തിക്ക് തകര്‍ത്തടിച്ചു. 14 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ കാര്‍ത്തിക്ക് 35 റണ്‍സെടുത്തു. അനൂജ് റാവത്ത് 21 റണ്‍സെടുത്ത് പുറത്തായി.

Similar Posts