ടി20 ലോകകപ്പ്: ക്വിന്റൺ ഡികോക്ക് പിന്മാറിയത് മുട്ടിലിരുന്ന് പ്രതിഷേധിക്കാൻ മടിച്ച്; നടപടി വരുമോ?
|മുട്ടുകുത്തി നിന്ന് വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ ടീമിന് ബോർഡ് നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്നത്തെ മത്സരത്തിൽ നിന്നും ദക്ഷിണാഫ്രിക്കൻ ഓപ്പണറും മുൻ ക്യാപ്റ്റനുമായ ക്വിന്റൺ ഡി കോക്ക് പിന്മാറി. മുട്ടുകുത്തി നിന്ന് വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ ടീമിന് ബോർഡ് നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആസ്‌ട്രേലിയ്‌ക്കെതിരായ മത്സരത്തിലും മുട്ടുകുത്തി പ്രതിഷേധിക്കാനോ വിവേചനങ്ങള്‍ക്കെതിരായ ക്യാംപെയിനിന്റെ ഭാഗമാകാനോ ഡി കോക്ക് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ടീമംഗങ്ങള്‍ നിര്‍ദേശം പാലിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താക്കീത് ചെയ്തിരുന്നു.
വ്യക്തിപരമായ കാര്യങ്ങളാൽ ഡി കോക്ക് മത്സരത്തിന് ഇറങ്ങുന്നില്ലെന്നാണ് ടോസ് വേളയിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ തെംബ ബവൂമ പറഞ്ഞിരുന്നത്. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കാന്‍ മൂന്ന് വഴികള്‍ തെരഞ്ഞെടുക്കുക എന്നായിരുന്നു ബോര്‍ഡ് നിര്‍ദേശത്തില്‍ പറഞ്ഞത്. മുട്ടുകുത്തുക, മുഷ്ടി ഉയര്‍ത്തുക, അല്ലെങ്കില്‍ ശ്രദ്ധയോടെ നേരെ നില്‍ക്കുക എന്നിങ്ങനെയായിരുന്നു ഇത്.
എന്നാല്‍ ഇത് സ്വീകരിക്കാന്‍ ഡി കോക്ക് തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബോർഡിന്റെ നിർദേശം അംഗീകരിക്കാത്ത ഡികോക്കിനെതിരെ ദക്ഷിണാഫ്രിക്കാൻ ക്രിക്കറ്റ് ബോർഡ് നടപിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അതേസമയം വിൻഡീസിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 144 റൺസാണ് വിജയലക്ഷ്യം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക വെസ്റ്റ്ഇൻഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ്ഇൻഡീസ് 143 റൺസ് നേടിയത്.