Cricket
Song in Indian camp after defeat; R Ashwin shares his experience after the Adelaide Test
Cricket

'തോൽവിക്ക് ശേഷം ഇന്ത്യൻ ക്യാമ്പിൽ ഗാനമേള';അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷമുള്ള അനുഭവം പങ്കുവെച്ച് ആർ അശ്വിൻ

Sports Desk
|
17 Sep 2024 11:02 AM GMT

36 റൺസിൽ ഔൾഔട്ടായ ശേഷം ഓസീസ് മണ്ണിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് പിന്നീടുള്ള ടെസ്റ്റുകളിൽ കണ്ടത്.

ചെന്നൈ: ഇന്ത്യൻ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന മത്സരമാണ് 2020 അഡ്‌ലെയ്ഡിൽ ആസ്‌ത്രേലിയക്കെതിരെ 36 റൺസിന് ഓൾഔട്ടായ ടെസ്റ്റ്. ആദ്യ ഇന്നിങ്‌സിൽ ലീഡെടുത്ത ശേഷം രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ തകർന്നടിയുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറായി മാറിയിത്. നാല് വർഷങ്ങൾക്ക് ശേഷം അന്ന് തോൽവിക്ക് ശേഷം ടീം ക്യാമ്പിലെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്പിന്നർ ആർ അശ്വിൻ.

കരോക്കെ ഗാനമേളയും ഡിന്നറുമെല്ലാമായി അന്ന് ഇന്ത്യൻ ഡ്രസിങ് റൂമിൽ ആഘോഷമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് ടീമിലുണ്ടായിരുന്ന വെറ്ററൻ സ്പിന്നർ. അന്നത്തെ ഇന്ത്യൻ ടീം പരിശീലകൻ രവിശാസ്ത്രി മുൻകൈയെടുത്താണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഇതേ കുറിച്ച് അശ്വിൻ പറയുന്നത് ഇങ്ങനെ: ''36 റൺസ് തോൽവിയിൽ എല്ലാവരും വളരെ നിരാശയിലായിരുന്നു. പരമ്പര വിജയം ഞങ്ങളുടെ മനസിലേ ഉണ്ടായിരുന്നില്ല. ഈ സമയമാണ് രവി ഭായ് ഡിന്നർ നടത്താൻ ആലോചിച്ചത്. അതോടൊപ്പം കരോക്കെ ഗാനമേളയുമുണ്ടായിരുന്നു. അദ്ദേഹം ഗാനം ആലപിക്കുകയും ചെയ്തു'' .

വൻതോൽവിയിൽ നിന്ന് താരങ്ങളുടെ മാനസികാവസ്ഥ മാറ്റിയെടുക്കുകയായിരുന്നു ഇതിലൂടെ ചെയ്തത്. ഇത് പിന്നീട് വലിയ തോതിൽ ടീമിന് ഗുണം ചെയ്യുകയും ചെയ്തു. മെൽബണിലും ബ്രിസ്‌ബെണിലും വിജയിച്ച ഇന്ത്യ, ഗാബയിൽ തോൽക്കില്ലെന്ന ഓസീസ് ഹുങ്കും അവസാനിപ്പിച്ചു. ഋഷഭ് പന്തിന്റെ അത്ഭുത പ്രകടനത്തിൽ 1989ന് ശേഷമാണ് ഗാബയിൽ ഇന്ത്യ ചരിത്രമെഴുതിയത്. ഈ വർഷം അവസാനം ഓസീസ് മണ്ണിൽ ബോർഡർ ഗവാ്‌സകർ ട്രോഫി കളിക്കാനിരിക്കെയാണ് പഴയ കഥകൾ ഓർമിപ്പിച്ച് അശ്വിന്റെ പ്രതികരണം.

Similar Posts