'ശ്രീശാന്തിന് പറ്റില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങാം'; ഇതുവരെ കാണാത്ത ധോണിയെ കണ്ടു- വെളിപ്പെടുത്തലുമായി അശ്വിൻ
|ഏറെ സമയം കഴിഞ്ഞും ശ്രീശാന്തിനെ ഡഗൗട്ടിൽ കാണാതായതോടെ ധോണി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു
ചെന്നൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മലയാളി താരം എസ്. ശ്രീശാന്തിനോട് നാട്ടിലേക്ക് മടങ്ങി പോകാൻ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. ഇന്ത്യൻ താരം ആർ അശ്വിന്റെ ആത്മകഥയായ ഐ ഹാവ് ദ് സ്ട്രീറ്റ്‌സ്-എ കുട്ടി ക്രിക്കറ്റ് സ്റ്റോറിയിലാണ് ഇക്കാര്യം പരാമർശിച്ചത്. 2010 ദക്ഷിണാഫ്രിക്കൻ പര്യടനത്തിലിടെയാണ് സംഭവം. പോർട്ട് എലിസബത്തിൽ നടന്ന ഏകദിന മത്സരത്തിനിടെ ടീമിലെ റിസർവ്വ് താരമായ ശ്രീ ഡഗൗട്ടിലിരിക്കാതെ മസാജിങിന് പോയതാണ് ധോണിയെ ചൊടിപ്പിച്ചത്. കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസിലായതോടെ ശ്രീശാന്ത് പിന്നീട് ഡഗൗട്ടിലേക്കു തിരിച്ചെത്തിയെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും ആത്മകഥയിൽ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് അശ്വിൻ പറഞ്ഞത് ഇങ്ങനെ: 'ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ പോർട്ട് എലിസബത്തിൽ നടന്ന മത്സരത്തിൽ ഞാനും ശ്രീയും ഉൾപ്പെടെയുള്ള താരങ്ങൾ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല. എങ്കിലും മത്സരം നടക്കുമ്പോൾ റിസർവ് താരങ്ങളെല്ലാം ഡഗ് ഔട്ടിലുണ്ടാകണമെന്ന് ധോണി ഗ്രൗണ്ടിലിറങ്ങും മുൻപെ കർശനം നിർദേശം നൽകിയിരുന്നു. മത്സരത്തിനിടെ ഒന്നിലേറെ തവണ ഞാൻ ധോണിക്ക് വെള്ളം കൊടുക്കാനായി ഗ്രൗണ്ടിലേക്ക് പോയിരുന്നു. അങ്ങനെ ഒരു തവണ ഡ്രിങ്ക്‌സ് ബ്രേക്കിന് വെള്ളം കൊടുക്കാൻ പോയപ്പോൾ ധോണി എവിടെയെന്ന് ശ്രീ ചോദിച്ചു. എന്തിനാണ് അദ്ദേഹമത് ചോദിക്കുന്നത് എന്ന് എനിക്ക് ആ സമയം വ്യക്തമായില്ല.
ധോണി എപ്പോഴും അങ്ങനെയാണ് കാര്യങ്ങൾ ചോദിക്കുക. അതുകൊണ്ട് തന്നെ എന്ത് മറുപടി പറയണമെന്നും മറുപടി പറഞ്ഞാൽ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും എന്നും എനിക്ക് അറിയാമായിരുന്നില്ല. അതുകൊണ്ട് ഞാൻ പറഞ്ഞു, ശ്രീ മുകൾ നിലയിലെ ഡ്രസ്സിംഗ് റൂമിലുണ്ടെന്ന്. തൊട്ടുപിന്നാലെ ശ്രീയോട് താഴേക്ക് വരാൻ ധോണി ആവശ്യപ്പെട്ടു. ഇക്കാര്യം ശ്രീയോട് പറഞ്ഞെങ്കിലും തനിക്ക് വെള്ളംകൊണ്ടുകൊടുക്കാൻ പറ്റില്ലെന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ ഏറെ സമയം കഴിഞ്ഞും ശ്രീശാന്തിനെ ഡഗൗട്ടിൽ കാണാതായതോടെ ധോണിക്ക് ദേഷ്യംവന്നു. അത്രയും ദേഷ്യത്തിൽ അതിന് മുമ്പ് ഞാനദ്ദേഹത്തെ കണ്ടിട്ടില്ലെന്നും അശ്വിൻ പറഞ്ഞു.
തുടർന്ന് ധോണി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അവനവിടെ തുടരാൻ താൽപര്യമില്ലെന്നും ടീം മാനേജരായ രഞ്ജിബ് ബിസ്വാളിനെ കണ്ട് ശ്രീശാന്തിന് നാട്ടിലേക്കുള്ള ടിക്കറ്റ് നാളെതന്നെ ബുക്ക് ചെയ്യണം'. ക്യാപ്റ്റൻ പറഞ്ഞത് അതേപടി ശ്രീശാന്തിനെ അറിയിച്ചു. തൊട്ടുപിന്നാലെ വസ്ത്രം മാറി ശ്രീ ഡഗ് ഔട്ടിലേക്ക് വന്നു. അടുത്ത തവണ ഡ്രിങ്ക്‌സ് ബ്രേക്കിൽ ശ്രീ തന്നെയാണ് വെള്ളവുമായി എന്നോടൊപ്പം ആദ്യം ഗ്രൗണ്ടിലേക്ക് ഓടിയത്. എന്നാൽ ശ്രീയുടെ കൈയിൽ നിന്ന് വെള്ളം വാങ്ങാൻ ധോണി കൂട്ടാക്കിയിരുന്നില്ല. പിന്നീട് ശ്രീയും ധോണിയും പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇതോടെ വിവാദം കെട്ടടങ്ങി- ആത്മകഥയിൽ അശ്വിൻ പറഞ്ഞു.