Cricket
കോച്ചായി ദ്രാവിഡ്, മെന്ററായി ധോണി; ഇന്ത്യൻ ടീമിന്റെ ലെവൽ മാറുമെന്ന് പ്രസാദ്
Cricket

കോച്ചായി ദ്രാവിഡ്, മെന്ററായി ധോണി; ഇന്ത്യൻ ടീമിന്റെ 'ലെവൽ' മാറുമെന്ന് പ്രസാദ്

Web Desk
|
1 Oct 2021 9:23 AM GMT

പരിശീലക-മെന്റർ റോളുകളിൽ രാഹുൽ ദ്രാവിഡ് - മഹേന്ദ്രസിങ് ധോണി കൂട്ടുകെട്ടാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡും ടീമിന്റെ മെന്ററായി മഹേന്ദ്രസിങ് ധോണിയും എത്തിയാൽ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചേക്കാവുന്ന വൻ മാറ്റങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ചൂണ്ടിക്കാട്ടുകയാണ് മുൻ ഇന്ത്യൻ താരവും ബിസിസിഐയുടെ ചീഫ് സിലക്ടറുമായിരുന്ന എം.എസ്.കെ. പ്രസാദ്. നിലവിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടെ കാലാവധി അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ദ്രാവിഡ് - ധോണി കൂട്ടുകെട്ടിനെക്കുറിച്ച് പ്രസാദ് സൂചിപ്പിച്ചത്.

'എന്റെ മനസ്സിനുള്ളിൽ വ്യത്യസ്തമായൊരു ആശയമുണ്ട്. അടുത്തിടെ ഐപിഎല്ലിൽ കമന്ററി ജോലിക്കിടെ രവി ശാസ്ത്രിയുടെ പിൻഗാമിയായി ആരു വരുമെന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച നടത്തി. മഹേന്ദ്രസിങ് ധോണി മെന്ററായി തുടരുന്നതിനൊപ്പം മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് വരുന്നതിനെക്കുറിച്ചാണ് അവർ ചൂണ്ടിക്കാട്ടിയത്' - പ്രസാദ് പറഞ്ഞു.'രവി ശാസ്ത്രിയുടെ കാലഘട്ടത്തിനുശേഷം ഇന്ത്യൻ ടീമിനെ കൂടുതൽ ശക്തമായി മുന്നോട്ടു നയിക്കാൻ രാഹുൽ ദ്രാവിഡിനു സാധിക്കുമെന്നാണ് എന്റെ അഭിപ്രായം. ഇത്രയേറെ പഠിക്കുന്ന ആളെന്ന നിലയിൽ ടീമിന് ശരിയായ ദിശാബോധം നൽകാൻ ദ്രാവിഡിനു സാധിക്കും' - പ്രസാദ് പറഞ്ഞു.

പരിശീലക-മെന്റർ റോളുകളിൽ രാഹുൽ ദ്രാവിഡ് - മഹേന്ദ്രസിങ് ധോണി കൂട്ടുകെട്ടാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു. 'പരിശീലകനായി രാഹുൽ ദ്രാവിഡ്, മെന്ററായി മഹേന്ദ്രസിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റിന് എന്തൊരു അനുഗ്രഹമായിരിക്കും ഇത്തരമൊരു കൂട്ടുകെട്ട് ഒന്ന് ആലോചിച്ചു നോക്കൂ. രണ്ടുപേരും ശാന്തരായ വ്യക്തികളാണ്. ഇതിൽ ഒരാൾ ഓരോ നിമിഷവും എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുന്നയാളും കഠിനാധ്വാനിയുമാണ്' - പ്രസാദ് പറഞ്ഞു.

'അതിലും പ്രധാനപ്പെട്ടൊരു ഘടകമുണ്ട്. ഇപ്പോഴത്തെ ടീമിലെ യുവതാരങ്ങളിൽ പലരെയും വളർത്തിയെടുത്തത് രാഹുൽ ദ്രാവിഡാണ്. അദ്ദേഹം ഇന്ത്യ എ ടീമിന്റെയും ജൂനിയർ ടീമുകളുടെയും പരിശീലകനായിരുന്നു. ഇത്തരമൊരു കൂട്ടുകെട്ട് യാഥാർഥ്യമായാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമാകുമെന്നും പ്രസാദ് കൂട്ടിച്ചേർത്തു.

Similar Posts