Cricket
51-year-old becomes five-year-old in Barbados; This trophy is also special for Dravid
Cricket

'51 കാരൻ ബാർബഡോസിൽ അഞ്ചു വയസുകാരനായി'; ഈ കിരീടം ദ്രാവിഡിനും സ്‌പെഷ്യൽ

ടി.കെ ഷറഫുദ്ദീന്‍
|
1 July 2024 11:05 AM GMT

ട്വന്റി 20 ലോകകപ്പോടെ കോച്ചിങ് കരിയർ അവസാനിപ്പിക്കുന്നതായി രാഹുൽ ദ്രാവിഡ് പ്രഖ്യാപിച്ചിരുന്നു

പൊതുവെ ശാന്തസ്വരൂപനാണ് രാഹുൽ ദ്രാവിഡ്. കളിക്കളത്തിൽ എതിരാളികളുടെ പ്രകോപനങ്ങളിൽ അയാൾ ഒരിക്കലും വീണുപോയിരുന്നില്ല. വിദേശപിച്ചുകളിലെ പേസിനെ തുണക്കുന്ന ട്രാക്കിലും ഇന്ത്യയിലെ സ്പിൻ മൈതാനങ്ങളിലും മണിക്കൂറോളം ക്ഷമയോടെ ക്രീസിൽ തുടരും. ഇതുകൊണ്ടുതന്നെ ക്രിക്കറ്റ് ലോകം രാഹുൽ ദ്രാവിഡിന്റെ പേരിന് മുന്നിൽ ചേർത്തുവിളിച്ചു.. 'ദി വാൾ' .

ഈ ട്വന്റി 20 ലോകകപ്പ് രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും എത്രത്തോളം സ്‌പെഷ്യലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പരിശീലക റോളിലുള്ള രാഹുൽ ദ്രാവിഡിന് ഈ കപ്പ് എന്തുകൊണ്ടാണ് പ്രത്യേകതയുള്ളതാവുന്നത്. അൻപത്തൊന്നുകാരനായ അയാൾ അഞ്ചു വയസുകാരനെ പോലെ ബാർബഡോസിലെ കിങ്സ്റ്റൺ ഓവലിൽ ആഘോഷിച്ചത് എന്തുകൊണ്ടാകും. അതറിയണമെങ്കിൽ വർഷങ്ങൾ അൽപം പിറകിലേക്ക് സഞ്ചരിക്കണം. കൃത്യമായി പറഞ്ഞാൽ 2007 ഏകദിന ലോകകപ്പ് കാലത്തിലേക്ക്. ക്യാപ്റ്റനായ ശേഷം രാഹുൽ ദ്രാവിഡിന്റെ ആദ്യ ലോകകപ്പ്... വേദിയായത് ഇന്ന് ഇന്ത്യ ട്രോഫി ഉയർത്തിയ അതേ കരീബിയൻ മണ്ണ്. 2003 ഫൈനലിൽ ആസ്‌ത്രേലിയയോടേറ്റ തോൽവിക്ക് ശേഷം വീണ്ടുമൊരു വിശ്വവേദിയിലേക്കെത്തിയതാണ് ഇന്ത്യ. എന്നാൽ ക്യൂൻസ് പാർക്ക് ഓവലിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ വെസ്റ്റിൻഡീസിനോട് അഞ്ച് വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോൽവി. ശ്രീലങ്കയോട് 69 റൺസിനും കീഴടങ്ങി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തലതാഴ്ത്തി മടക്കം. സച്ചിനും ഗാംഗുലിയും സേവാഗുമടക്കമുള്ള വൻതാരനിര ഇറങ്ങിയിട്ടും അന്ന് എല്ലാ പഴിയും ദ്രാവിഡിനായിരുന്നു. അയാളായിരുന്നു ആ ടീമിന്റെ നായകൻ. ഡ്രസിങ് റൂമിലിരുന്ന് വികാരാധീനനായ ദ്രാവിഡിന്റെ ദൃശ്യങ്ങൾ ഇന്നും ആരാധക മനസിൽ മായാതെ നിൽക്കുന്നു.




അവിടംകൊണ്ടും തീരുന്നതായിരുന്നില്ല കാര്യങ്ങൾ. നാട്ടിലേക്ക് മടങ്ങിയെത്തിയ അയാളെ കാത്തിരുന്നത് വിമർശനങ്ങളുടെ കൂരമ്പുകളായിരുന്നു. ഒരുവേള തെരുവിൽ ദ്രാവിഡിന്റെ ചിത്രം കത്തിക്കുന്ന അവസ്ഥയിലേക്ക് വരെയെത്തി ആരാധക രോഷം. അന്ന് അയാളുടെ മാനസികാവസ്ഥ എന്താണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അതേ വർഷമാണ് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ യങ് ഇന്ത്യ പ്രഥമ ട്വന്റി ട്വന്റി കിരീടത്തിൽ മുത്തമിടുന്നത്. ഇതോടെ ദ്രാവിഡ് എന്ന നായകനും കളിക്കാരനും കൂടുതൽ വെറുക്കപ്പെട്ടവനായി. അയാളുടെ കാലം അവസാനിച്ചെന്ന് പറയുന്നവരുടെ വാക്കുകൾക്ക് കൂടുതൽ മൂർച്ചവന്നു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ നായകപദവിയിലേക്ക് റാഞ്ചിക്കാരനായ മഹേന്ദ്രസിങ് ധോണിയുടെ രംഗപ്രവേശനത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.




വർഷങ്ങൾ ഒരുപാട് മുന്നോട്ട് പോയി. 1983 ലെ കപിലിന്റെ ചെകുത്താൻമാരുടെ ബ്ലാക് ആൻഡ് വൈറ്റ് കാല കിരീടനേട്ടത്തിന് ശേഷം ഇന്ത്യ വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് പടർന്നു. 28 വർഷങ്ങൾക്ക് ശേഷം. മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള കളികൂട്ടം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനായി മോഹകപ്പ് ഇന്ത്യയിലെത്തിച്ചിരിക്കുന്നു. സച്ചിനെ ചുമലിലേറ്റി സഹ താരങ്ങൾ വാംഖഡെ സ്റ്റേഡിയത്തിൽ വലംവെക്കുമ്പോൾ അകലെയിരുന്ന് ദ്രാവിഡും ആ സ്വപ്നനേട്ടത്തിൽ ആനന്ദാശ്രൂപൊഴിക്കുന്നുണ്ടായിരുന്നു. അന്നത്തെ ആ ധോണിയുടെ ടീമിൽ ദ്രാവിഡിന് ഇടമുണ്ടായിരുന്നില്ല. അതേ വർഷം തന്നെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഏകദിനത്തോട് വിടപറഞ്ഞ ദ്രാവിഡ് തൊട്ടടുത്ത വർഷം ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് കളിച്ച് ആ അവിസ്മരണീയ കരിയറിന് വിരാമമിട്ടു.

സുഹൃത്തുക്കൾ ജാമിയെന്ന് വിളിക്കുന്ന ദ്രാവിഡിനെ ആരാധകർ പിന്നീട് കണ്ടത് ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് ഉപദേശക സ്ഥാനത്താണ്. പിന്നീട് ഇന്ത്യയുടെ യുവനിരയെ വാർത്തെടുക്കുന്ന ദൗത്യവുമായി ബിസിസിഐ സമീപിച്ചു. 2015ൽ എ ടീമിന്റേയും അണ്ടർ 19 ലോകകപ്പ് ടീമിന്റേയും പരിശീലകനായി കോച്ചിങ് കരിയർ തുടങ്ങി. യുവതാരങ്ങൾക്കൊപ്പം അവരിലൊരാളായി അയാൾ. 2018ൽ ദ്രാവിഡിന്റെ പരിശീലനത്തിലിറങ്ങിയ ഇന്ത്യയുടെ അണ്ടർ 19 ടീം കിരീടത്തിൽ മുത്തമിട്ടു. പിന്നീട് ഇന്ത്യയുടെ നാഷണൽ അക്കാദമി ഡയറക്ടറുടെ ചുമതലയിലേക്ക്. ഒടുവിൽ രവിശാസ്ത്രിയുടെ പകരക്കാരനായി 2021ൽ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കുള്ള പ്രവേശനം.



സുഹൃത്തായ അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു സീനിയർ ടീമിന്റെ കോച്ചിങ് റോളിലേക്കുള്ള വരവ്. തുടക്കം അത്ര മികച്ചതായിരുന്നില്ല. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി ഒഴിയുന്നതുമായി ബന്ധപ്പെട്ട് ടീമിനുള്ളിൽ നിലനിന്ന പടലപിണക്കം പരിഹരിക്കുകയായിരുന്നു പ്രഥമ ദൗത്യം. 2021 അവസാനത്തോടെ കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി രോഹിത് ശർമയെ നിയമിച്ച് ബിസിസിഐ തീരുമാനമെടുത്തു. ഇതിന് പിന്നാലെ രോഹിതും കോഹ്ലിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് തരത്തിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ ടീമിലെ കറുത്തപുകയുടെ അന്തരീക്ഷത്തിൽ നിന്ന് അയാൾ ഒത്തൊരുമയോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോയി. വിദേശ മൈതാനങ്ങളിലടക്കം തുടർ വിജയങ്ങൾ. എന്നാൽ കപ്പിനും ചുണ്ടിനുമിടയിൽ പലപ്പോഴും ലോകകിരീടങ്ങൾ കൈവിട്ടു. ഇതിൽ ഏറ്റവും വേദനയായത് കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയായിരുന്നു. അതുവരെ മിന്നും ഫോമിൽകളിച്ച ഇന്ത്യ ഓസീസിന് മുന്നിൽ വീണു. തൊട്ടുപിന്നാലെ പരിശീലക സ്ഥാനമൊഴിയാനുള്ള സന്നദ്ധത ദ്രാവിഡ് ബിസിസിഐയെ അറിയിച്ചു.



2007ൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കിരീടമില്ലാതെ മടങ്ങിയ അയാൾക്ക് 2023ൽ പരിശീലക റോളിലും കാലത്തിന്റെ കാവ്യനീതിയുണ്ടായില്ല. പരിശീലക സ്ഥാനമൊഴിയുന്നതായി ദ്രാവിഡ് ബി.സി.സി.ഐയെ അറിയിച്ചു. മാസങ്ങൾക്കിപ്പുറം നടക്കുന്ന ട്വന്റി 20 ലോകകപ്പ് വരെ തുടരണമെന്ന അഭ്യർത്ഥനയാണ് ബോർഡ് മുൻ നായകന് മുന്നിൽവെച്ചത്. നിർബന്ധത്തിന് വഴങ്ങി മനസില്ലാ മനസോടെ ഒടുവിൽ ദ്രാവിഡ് തുടരാൻ തീരുമാനിച്ചു. 2007ന് ശേഷം കോച്ചിന്റെ റോളിൽ വീണ്ടും കരീബിയൻ മണ്ണിലേക്ക് മറ്റൊരു വിശ്വമേളക്കായി ദ്രാവിഡ് യാത്രതിരിച്ചു. 2023ൽ കിരീടം നഷ്ടമായതിനാൽ അമിത പ്രതീക്ഷയില്ലാതെയാണ് രോഹിത് ശർമക്ക് കീഴിൽ ഇന്ത്യ ഇറങ്ങിയത്. ഒടുവിൽ ഫൈനൽ ത്രില്ലറിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്ത് 17 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടുമൊരു ട്വന്റി 20 കിരീടം. അന്ന് തലതാഴ്ത്തി മടങ്ങിയ മണ്ണിൽ നിന്ന് തലഉയർത്തിയുള്ള തിരിച്ചുവരവ്.

2007 ലോകകപ്പിൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ റോബിൻ ഉത്തപ്പ ഇന്ത്യയുടെ ട്വന്റി 20 വിജയനിമിഷത്തിൽ വികാരാധീനനായാണ് പ്രതികരിച്ചത്. പരിശീലകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം. അതിലാണ് അയാൾക്ക് ആദ്യ ലോകകപ്പ് ട്രോഫി ലഭിക്കുന്നത്. ആ പഴയ ദ്രാവിഡിനെ ഞങ്ങൾ കണ്ടു. ഇതാണ് സ്‌പോർട്‌സിന്റെ സൗന്ദര്യം-ഉത്തപ്പ പറഞ്ഞു. വെസ്റ്റിൻഡീസിലെ ഇന്ത്യൻ ജീവിതചത്രം പൂർണതയിലെത്തിയെന്നായിരുന്നു സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രതികരണം. കളിച്ചുകൊണ്ടിരിക്കെ ഐ.സി.സി ട്രോഫികളൊന്നും ലഭിക്കാതിരുന്ന രാഹുൽ ദ്രാവിഡ് എന്ന പ്രിയ ജാമിക്ക് പരിശീലക റോളിൽ അത് സ്വന്തമാക്കാനാകും നിയോഗം. അതും കോച്ചിങ് കരിയറിലെ അവസാന മാച്ചിൽ.

Similar Posts