Cricket
പരിശീലക സ്ഥാനത്തേക്കില്ല, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് അപേക്ഷ നല്‍കി രാഹുല്‍ ദ്രാവിഡ്
Cricket

പരിശീലക സ്ഥാനത്തേക്കില്ല, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് അപേക്ഷ നല്‍കി രാഹുല്‍ ദ്രാവിഡ്

Web Desk
|
19 Aug 2021 11:44 AM GMT

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതില്‍ രാഹുല്‍ ദ്രാവിഡിന്‍റെ പങ്ക് വലുതായിരുന്നു

രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ നാഷണല്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് വരുമെന്ന് വലിയ രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്ക് രാഹുല്‍ ദ്രാവിഡ് തന്നെ വിരാമമിട്ടിരിക്കുകയാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് വീണ്ടും രാഹുല്‍ ദ്രാവിഡ് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് രാഹുല്‍ ദ്രാവിഡിന്‍റെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍, ദ്രാവിഡ് വീണ്ടും ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ രാഹുല്‍ ദ്രാവിഡ് മാത്രമാണ് ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് അപേക്ഷകള്‍ അയക്കേണ്ട തിയതി ബിസിസിഐ നീട്ടിയിരിക്കുകയാണ്. എങ്കിലും ദ്രാവിഡ് തന്നെ ഈ സ്ഥാനത്തേക്കെത്തും എന്നാണ് കരുതപ്പെടുന്നത്.

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതില്‍ രാഹുല്‍ ദ്രാവിഡിന്‍റെ പങ്ക് വലുതായിരുന്നു. അടുത്ത് കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സ്ഥാനത്ത് രാഹുല്‍ ദ്രാവിഡായിരുന്നു. പ്രധാന താരങ്ങളുടെ അഭാവത്തില്‍ കൂടുതലും പുതുമുഖങ്ങളായിരുന്നു ടീമിലുണ്ടായിരുന്നത്. ടി20 പരമ്പര നഷ്ടപ്പെട്ടെങ്കിലും ഏകദിന പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ നിന്നും മടങ്ങിയത്.

Similar Posts