'രാഹുലിനെ ടീമിലെടുക്കുന്നത് ഫോം നോക്കിയല്ല': തുറന്നടിച്ച് വെങ്കടേഷ് പ്രസാദ്, അഞ്ച് ട്വീറ്റുകൾ
|പ്ലെയിങ് ഇലവനിലേക്ക് രാഹുലിനെ തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് തികഞ്ഞ ഫേവററ്റിസമാണെന്നും പ്രസാദ് തുറന്നടിച്ചു
ബംഗളൂരു: ഫോമിന് പുറത്തായിട്ടും ഉപനായകന്‍ ലോകേഷ് രാഹുല്‍ ടീം ഇന്ത്യയില്‍ സ്ഥാനം നേടുന്നതിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. പ്ലെയിങ് ഇലവനിലേക്ക് രാഹുലിനെ തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് തികഞ്ഞ ഫേവററ്റിസമാണെന്നും പ്രസാദ് തുറന്നടിച്ചു. ഇതു സംബന്ധിച്ച് അഞ്ച് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചത്.
നാഗ്പൂര്‍ ടെസ്റ്റിന് പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. മത്സരത്തില്‍ ഇന്നിങ്സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. പന്ത് കൊണ്ടും ബാറ്റുകൊണ്ടും മിന്നും പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവെച്ചിരുന്നത്. അതേസമയം രാഹുലിന് 20 റണ്‍സെ നേടാനായുള്ളൂ. 71പന്തുകള്‍ താരം നേരിട്ടിരുന്നു.
'കെ.എല്‍ രാഹുലിന്റെ പ്രാഗല്‍ഭ്യത്തിലും കഴിവിലും എനിക്ക് വളരെയധികം ബഹുമാനമുണ്ട്, പക്ഷേ സങ്കടകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വളരെ താഴെയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ എട്ട് വര്‍ഷവും 46 ടെസ്റ്റുകള്‍ക്കും ശേഷം 34 എന്ന ടെസ്റ്റ് ശരാശരി വെറും സാധാരണമാണ്. ഇത്രയധികം അവസരങ്ങള്‍ ലഭിച്ച മറ്റുള്ളവര്‍ ഉണ്ടോ എന്ന് പോലും അറിയില്ല. അതും മികച്ച ഫോമിലുള്ള നിരവധി പേര്‍ കാത്തിരിക്കുമ്പോള്‍. ശുഭ്മാന്‍ ഗില്‍ മികച്ച ഫോമിലാണ്, സര്‍ഫറാസ് ഖാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ചുറികള്‍ സ്‌കോര്‍ ചെയ്യുന്നു. അങ്ങനെ പലരുമുണ്ട് രാഹുലിനേക്കാള്‍ അര്‍ഹതയുള്ളവര്‍. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഫേവററ്റിസമാണ്.' - പ്രസാദ് ട്വീറ്റ് ചെയ്തു.
ഇതില്‍ ഏറ്റവും വഷളായ കാര്യം രാഹുല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായതാണെന്നും മികച്ച ക്രിക്കറ്റ് തലച്ചോറുള്ള ആര്‍. അശ്വിനോ അതുമല്ലെങ്കില്‍ ചേതേശ്വര്‍ പൂജാരയോ രവീന്ദ്ര ജഡേജയോ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മായങ്ക് അഗര്‍വാളിനും ഹനുമ വിഹാരിക്കും പോലും ടെസ്റ്റില്‍ രാഹുലിനേക്കാള്‍ സ്വാധീനം ചെലുത്താനാകുന്നുണ്ടെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയൊരുക്കിയ സ്പിൻ കെണിയിൽ ഓസീസ് ബാറ്റിങ് നിര കേവലം 91 റൺസിൽ ഒതുങ്ങുകയായിരുന്നു. മൂന്നാം ദിനത്തിൽ ഉച്ചഭക്ഷണശേഷം ബാറ്റിങ് ആരംഭിച്ച സന്ദർശകരുടെ ഇന്നിങ്സ് മുപ്പത്തിമൂന്നാം ഓവറിൽ അവസാനിച്ചു. 5 വിക്കറ്റുമായി ആർ അശ്വിനും രണ്ട് വീതം വിക്കറ്റുമായി ജഡേജയും ഷമിയും ഓസീസിന്റെ പതനം വേഗത്തിലാക്കുകയായിരുന്നു.