"ധോണിയുടെ പിന്‍ഗാമി അവന്‍ തന്നെ"; ധോണി യുഗത്തിന് ശേഷം ചെന്നൈ നായകനാരാകുമെന്ന് മനസ്സ് തുറന്ന് റൈന
|ഇക്കുറി ഐ.പി.എല്ലില്‍ കമന്‍റേറ്ററുടെ വേഷത്തിലാണ് റൈന എത്തുന്നത്
'ധോണിയില്ലാതെ ചെന്നൈയും ചെന്നൈയില്ലാതെ ധോണിയുമില്ല'. ഈ അടുത്തിടെ ചെന്നൈ സൂപ്പർ കിങ്‌സ് ഉടമ എൻ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെയാണ്. ധോണിയില്ലാത്ത ചെന്നൈയെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഐ.പി.എൽ ആദ്യ സീസൺ മുതൽ തന്നെ ചെന്നൈ നായകനായിരുന്ന ധോണി ഇപ്പോഴും ടീമിന്‍റെ തലപ്പത്തുണ്ട്. ചെന്നൈ ആരാധകര്‍ക്ക് ധോണി എക്കാലവും അവരുടെ പ്രിയപ്പെട്ട 'തല' യാണ്.
ധോണിയുടെ കാലശേഷം ചെന്നൈ സൂപ്പർ കിങ്‌സിനെ ആരു നയിക്കുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോൾ മുൻ ചെന്നൈ താരവും ചെന്നൈ ആരാധകരുടെ 'ചിന്നത്തല'യുമായ സുരേഷ് റൈന. ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയാണ് റൈന ധോണിയുടെ പിൻഗാമിയായി കാണുന്നത്. ധോണിക്ക് ശേഷം ജഡേജ ടീമിന്‍റെ നായകസ്ഥാനത്തുണ്ടാവുമെന്ന് റൈന പറഞ്ഞു. ഐ.പി.എൽ പതിനഞ്ചാം സീസണ് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് സുരേഷ് റൈന ഇക്കാര്യം പറഞ്ഞത്. ഇക്കുറി താരലേലത്തിൽ ആരും ടീമിലെടുക്കാത്തതിനാൽ ഐ.പി. എൽ കളിക്കാനാവാത്ത റൈന കളത്തിന് പുറത്ത് കമന്‍റേറ്ററുടെ വേഷത്തിലാണെത്തുക.
ജഡേജയെക്കൂടാതെ അംബാട്ടി റായിഡു, ഡ്വൈന്‍ ബ്രാവോ, റോബിൻ ഉത്തപ്പ എന്നിവരും ധോണി യുഗത്തിന് ശേഷം ചെന്നൈ നായകസ്ഥാനത്തെത്താൻ സാധ്യതയുള്ളവരാണെന്ന് റൈന പറഞ്ഞു. ഐ.പി.എല്ലില്‍ 5000 റണ്‍സ് തികച്ച ആദ്യ താരമാണ് സുരേഷ് റൈന.