ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു. യുസിഗെറ്റ്സ്ഹാട്രിക്.കോം; ചഹലിന്റെ ഹാട്രിക് നേട്ടത്തിൽ വെബ്സൈറ്റുണ്ടാക്കി രാജസ്ഥാൻ റോയൽസ്
|കൂടുതൽ വിക്കറ്റെടുത്ത് പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ചഹലും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്ന ജോസ് ബട്ലറും കളിക്കളത്തിലെന്ന പോലെ സമൂഹ മാധ്യമങ്ങളിലും ശ്രദ്ധാ കേന്ദ്രങ്ങളാണ്
രാജസ്ഥാൻ സോഷ്യൽ മീഡിയ സംഘത്തിന്റെ ഇഷ്ട താരമാണ് സ്പിൻ ബൗളർ യുസ്വേന്ദ്ര ചഹൽ. മുമ്പ് ചഹൽ രാജസ്ഥാൻ ടീമിന്റെ നായകനായി ഔദ്യോഗിക ട്വിറ്ററിൽ സ്വയം പ്രഖ്യാപിച്ചത് ഏറെ വാർത്താപ്രധാന്യം നേടുകയും വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ താരത്തിന്റെ പേരിൽ ഒരു വെബ്സൈറ്റ് തന്നെയുണ്ടാക്കിയിരിക്കുകയാണ് ടീം. കഴിഞ്ഞ ദിവസം WWW . yuzigetsahattrick . com എന്ന് വെറുതെ പോസ്റ്റ് ചെയ്ത ട്വീറ്റ് റിട്വീറ്റ് ചെയ്തുകൊണ്ട് വെബ്സൈറ്റ് തയ്യാറാക്കിയ വിവരം രാജസ്ഥാൻ പങ്കുവെച്ചിട്ടുണ്ട്. അപ്പോൾ ഞങ്ങൾ ഒരു കാര്യം ചെയ്തുവെന്ന കുറിപ്പോടെയാണ് ട്വീറ്റ്. https://www.yuzigetsahattrick.com/ എന്ന അഡ്രസ്സിലുള്ള വെബ്സൈറ്റ് ബഹുരസമാണ് വായനക്കാർക്ക് നൽകുന്നത്. യുസി( ചഹലിന്റെ ചുരുക്കപ്പേര്) ഹാട്രിക് കിട്ടുമോയെന്ന് അർത്ഥം വരുന്ന തലക്കെട്ടാണ് സൈറ്റ് തുറക്കുമ്പോൾ കാണുക. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ 'യെസ്' എന്ന് ചഹൽ കയ്യുയർത്തി പറയുന്നത് കാണാം.
താഴെ മീഡിയ എന്ന ഭാഗത്ത് 'ഹല്ല ബോൽ... ഹല്ല ബോൽ' എന്ന തീം വാചകം പറയാൻ കയ്യുയർത്തി നിൽക്കുന്ന ചഹലിനെ കാണാം. ഹാറ്റ്(ട്രിക്ക്) ബോയ്, ദസ് രൂപാ ക്കി പെപ്സി, യുസി ബായ് സെക്സി, സ്പിൻ കിങ് ആക്ഷൻ, ഗെയിം ചെയിഞ്ചർ, ടൈം ഫോർ നെക്സ്റ്റ് മാച്ച്, യുസി വിത്ത് വില്ലിങ്നസ് എന്നിങ്ങനെ വിവിധ മോഷൻ വീഡിയോകളും ഫോട്ടോകളുമായുള്ള വിൻഡോകളും വെബ്സൈറ്റിലുണ്ട്. ഏറ്റവും ഒടുവിലായി മാസ്റ്റർ ക്ലാസ് 101 എന്ന പേരിൽ ഹാട്രിക്കിന് ശേഷം എങ്ങനെ ഉറങ്ങാമെന്ന തലക്കെട്ടിൽ ചഹൽ ബെഡിൽ ചിരിച്ചു കൊണ്ട് കിടക്കുന്ന ചിത്രമാണ് കൊടുത്തിരിക്കുന്നത്. വരാനിരിക്കുന്ന ഹാട്രിക്ക് അവസരങ്ങളെന്ന പേരിൽ ഏപ്രിൽ 22 മുതലുള്ള രാജസ്ഥാന്റെ ഐപിഎൽ മത്സര ഷെഡ്യൂളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ചഹലും ബട്ലറും; സമൂഹ മാധ്യമങ്ങളിൽ തിളങ്ങി റോയൽസ്
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത് പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ചഹലും ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്ന ജോസ് ബട്ലറും കളിക്കളത്തിലെന്ന പോലെ സമൂഹ മാധ്യമങ്ങളിലും ശ്രദ്ധാ കേന്ദ്രങ്ങളാണ്. ഇരുവരെയും പുകഴ്ത്തി നിരവധി പോസ്റ്റുകളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഹാട്രിക് നേടിയതിന് പിന്നാലെ യൂസ്വേന്ദ്ര ചഹൽ തന്റെ പ്രസിദ്ധമായ മീം പുനരാവിഷ്കരിച്ചത് വൈറലായിരുന്നു. 2019 ലോകകപ്പിൽ വാട്ടർബോട്ടിലുകളുമായി ബൗണ്ടറി ലൈനിനരികെ കിടക്കുന്ന ചഹലിന്റെ മീം വൈറലായിരുന്നു. ട്രോളന്മാരുടെ പ്രധാന മീം ആയി ഇപ്പോഴുമത് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അത് വീണ്ടും പുനരാവിഷ്കരിക്കുകയാണ് ചഹൽ. പിന്നാലെ മീം തരംഗമാകുകയും ചെയ്തു.
'ഇതൊരു പഴയ മീം പോലെയാണ്. 2019 ലോകകപ്പിൽ ഞാൻ ബൗണ്ടറിയിലായിരുന്നു. ആ മത്സരത്തിൽ ഞാൻ കളിച്ചിരുന്നില്ല. ആ മീം അന്ന് വളരെയേറെ ശ്രദ്ധ നേടി' എന്നും ചാഹൽ കൊൽക്കത്തയ്ക്കെതിരെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ശേഷം പറഞ്ഞു. ലോകകപ്പിൽ കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു ചാഹലിൻറെ കിടപ്പ് എങ്കിൽ ഐ.പി.എൽ ഹാട്രികിലെ ആഘോഷത്തിൽ കണ്ണടയുണ്ടായിരുന്നില്ല. ഹാട്രികിന് പിന്നാലെ ചഹൽ നടത്തിയ ആഘോഷം ഇന്ത്യൻ മുൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ് ഉൾപ്പടെയുള്ളവർ ഏറ്റെടുത്തു.
ഐപിഎൽ കരിയറിൽ ആദ്യമായിട്ടാണ് ചഹൽ ഹാട്രിക് നേടുന്നത്. മത്സരത്തിൽ അഞ്ച് വിക്കറ്റാണ് ചഹൽ വീഴ്ത്തിയത്. നാല് ഓവറിൽ 40 റൺസ് വഴിങ്ങിയായിരുന്നു ചഹലിന്റെ അഞ്ച് വിക്കറ്റ് നേട്ടം. മത്സരത്തിൽ ഏഴ് റൺസിന്റെ വിജയം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയും ചെയ്തു. രാജസ്ഥാൻ ഉയർത്തിയ 217 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് 19.4 ഓവറിൽ 210 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അതിനുള്ളിൽ അവരുടെ എല്ലാവിക്കറ്റുകളും വീണു.
ആറു മത്സരങ്ങളിൽ നിന്ന് എട്ടു പോയൻറുമായി പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് ഇപ്പോഴുള്ളത്.
Rajasthan Royals create website after Chahal's hat trick