Cricket
കളി കഴിഞ്ഞിട്ടില്ല; പക്ഷേ, സഞ്ജുവിനും കൂട്ടർക്കും പ്ലേഓഫ് ഉറപ്പാ...
Click the Play button to hear this message in audio format
Cricket

കളി കഴിഞ്ഞിട്ടില്ല; പക്ഷേ, സഞ്ജുവിനും കൂട്ടർക്കും പ്ലേഓഫ് ഉറപ്പാ...

Web Desk
|
16 May 2022 3:24 AM GMT

വിചിത്രമായ രീതിയിൽ മത്സരഫലങ്ങൾ ഉണ്ടായാൽ മാത്രമേ രാജസ്ഥാന്റെ പ്ലേഓഫ് അവസരം നിഷേധിക്കപ്പെടൂ...

നിർണായക മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നേടിയ 24 റൺസ് ജയത്തോടെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഐ.പി.എൽ പ്ലേഓഫിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു. പ്ലേഓഫ് ടീമുകളുടെ ചിത്രം വ്യക്തമാകാൻ ഇനിയും സമയമുണ്ടെങ്കിലും, 'കണക്കിൽ' രാജസ്ഥാൻ പ്ലേഓഫ് കാണാതെ പുറത്താകാൻ സാധ്യതയുണ്ടെങ്കിൽ പോലും ഇന്നലെ രാത്രി നേടിയ ജയം രാജസ്ഥാന് അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റായിരുന്നു. ഒന്നിലേറെ വലിയ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ സഞ്ജുവിനും സംഘത്തിനും പ്ലേഓഫ് നഷ്ടമാകാൻ വിദൂരസാധ്യതയെങ്കിലുമുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ അടുത്ത മത്സരം ജയിച്ചാൽ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും പ്ലേഓഫിലെ ക്വാളിഫൈയർ മത്സരം കളിക്കാനുള്ള അവസരം നേടാനും സഞ്ജുവിന്റെ സംഘത്തിന് കഴിയും. ജയിച്ചാൽ ഫൈനലിലേക്ക് നേരിട്ട് ടിക്കറ്റ് നൽകുന്ന മത്സരമാണ് ക്വാളിഫൈയർ. ഗുജറാത്ത് ടൈറ്റൻസ് ക്വാളിഫൈയറിൽ ഇതിനകം തന്നെ ഇടമുറപ്പിച്ചിട്ടുണ്ട്. എന്നാൽ, ചെന്നൈയോട് തോറ്റാൽ പോലും രാജസ്ഥാന് പ്ലേഓഫ് നഷ്ടമാകില്ല എന്നതാണ് നിലവിലെ സ്ഥിതി.

ലീഗ് ഘട്ടം ഫോട്ടോ ഫിനിഷിലേക്ക്

കഴിഞ്ഞ സീസൺ വരെ എട്ട് ടീമുകൾ മാറ്റുരച്ചിരുന്ന ഐ.പി.എല്ലിൽ ഒരു ടീമിന് 14 മത്സരങ്ങളാണ് റെഗുലർ ലീഗ് സീസണിൽ ഉണ്ടായിരുന്നത്. ഓരോ ടീമിനെതിരെയും രണ്ട് മത്സരങ്ങൾ വീതം എന്നർത്ഥം. ഇത്തവണ പത്ത് ടീമുകൾ കളിക്കുന്നതിനാൽ, മുൻ സീസണുകളിലെ രീതിപ്രകാരം ഒരു ടീമിനെതിരെ രണ്ട് മത്സരങ്ങൾ അഥവാ ആകെ 18 മത്സരങ്ങളാണ് ലീഗ് സീസണിൽ ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ, മത്സരങ്ങളുടെ എണ്ണം 14-ൽ നിർത്തുന്നതിനായി ചെറിയ ഭേദഗതി സംഘാടകർ കൊണ്ടുവന്നു. ഇതുപ്രകാരം എല്ലാ ടീമുകൾക്കെതിരെയും ഒരു മത്സരം വീതം കളിക്കാമെങ്കിലും ആറ് ടീമുകൾക്കെതിരെ മാത്രമാണ് രണ്ടാം മത്സരം കളിക്കേണ്ടി വരുന്നത്. ഇതോടെ, മുൻവർഷങ്ങളിലെ പോലെ 14 മത്സരങ്ങളാണ് ഓരോ ടീമിനും കളിക്കേണ്ടത്.

ഇതിൽ രാജസ്ഥാന്റെയും ലഖ്‌നൗവിന്റെയും 13-ാമത്തെ മത്സരമാണ് ഞായറാഴ്ച രാത്രി നടന്നത്. മത്സരം ആരംഭിക്കുമ്പോൾ 16 പോയിന്റുമായി ലഖ്‌നൗ രണ്ടും 14 പോയിന്റോടെ രാജസ്ഥാൻ മൂന്നും സ്ഥാനങ്ങളിലുമായിരുന്നു. കളി സഞ്ജുവിന്റെ ടീം ജയിച്ചതോടെ അവർക്കും 16 പോയിന്റായി. നെറ്റ് റൺറേറ്റ് വ്യത്യാസത്തിൽ അവർ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. 13 മത്സരം കളിച്ച് 14 പോയിന്റോടെ ബാംഗ്ലൂർ ആണ് നാലാം സ്ഥാനത്തുള്ളത്. നിലവിലെ സ്ഥിതി പ്രകാരം, പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ള എല്ലാ ടീമുകളും (ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്) 13 മത്സരങ്ങൾ വീതം കളിച്ചു. ഇതിൽ 10 ജയത്തോടെ 20 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്ത് പ്ലേഓഫിൽ ഇടം നേടി എന്നു മാത്രമല്ല, ടേബിളിലെ ഒന്നാം സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.

ഒരു മത്സരം മാത്രം കൈയിലുള്ള രണ്ടും മൂന്നും സ്ഥാനക്കാർക്ക് 16 പോയിന്റും നാലാം സ്ഥാനക്കാർക്ക് 14-ഉം പോയിന്റാണ് നിലവിൽ ഉള്ളത്. അതേസമയം, 12 മത്സരങ്ങൾ മാത്രം കളിച്ച ഡൽഹി ക്യാപിറ്റൽസിനും പഞ്ചാബ് കിങ്‌സിനും 12 പോയിന്റ് വീതമുണ്ട്. അടുത്ത രണ്ട് മത്സരങ്ങൾ ജയിച്ചാൽ അവരിൽ ആർക്കും 16 പോയിന്റിൽ എത്താൻ കഴിയും. ഗുജറാത്തിനെതിരെ ജയിച്ചാൽ ബാംഗ്ലൂരിന്റെ സമ്പാദ്യവും 16 ആവും. അതിനൊപ്പം രാജസ്ഥാനും ലഖ്‌നൗവും തോൽക്കുക കൂടി ചെയ്താൽ ടേബിളിൽ 16 പോയിന്റുള്ള നാല് ടീമുകളുണ്ടാവും. ഇതോടെയാണ് നെറ്റ് റൺറേറ്റ് ടീമുകളുടെ ഭാഗ്യനിർഭാഗ്യങ്ങൾ നിശ്ചയിക്കുക.

സഞ്ജുവിന്റെ കോൺഫിഡൻസ്

റൺറേറ്റിന്റെ മികവിൽ രണ്ടാം സ്ഥാനത്തിരിക്കുന്ന രാജസ്ഥാന് ആശ്വാസമാകുന്നത് രണ്ട് ഫാക്ടറുകളാണ്. ഒന്ന്, നിലവിൽ തങ്ങളേക്കാൾ രണ്ട് പോയിന്റ് കുറവുള്ള ബാംഗ്ലൂരിന്റെ റൺറേറ്റ് മൈനസിലാണുള്ളത് എന്നത്. രണ്ടാമത്തേത്, രണ്ട് മത്സരങ്ങളും 12 പോയിന്റുമുള്ള ടീമുകളിൽ ഒരാൾക്കു മാത്രമേ 16 പോയിന്റിലേക്കെത്താൻ കഴിയൂ എന്നത്. അഥവാ, അവർക്ക് ഇനിയുള്ള മത്സരങ്ങളിലൊന്ന് ഇന്ന് പരസ്പരം നടക്കുന്ന മത്സരമാണ്. ഇന്നത്തെ പഞ്ചാബ് - ഡൽഹി മാച്ച് ഒരു ടീമിന് പുറത്തേക്കുള്ള വഴി തുറക്കും എന്നർത്ഥം.

ബാംഗ്ലൂരിന് നിർണായകമായ അവസാന മത്സരം കളിക്കാനുള്ളത് നിലവിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്. -0.323 എന്ന മോശം റൺറേറ്റുമായി ആ മത്സരത്തിനിറങ്ങുന്ന ബാംഗ്ലൂരിന് 80 ലേറെ റൺസ് വ്യത്യാസത്തിന് ജയിച്ചാൽ മാത്രമേ റൺറേറ്റ് പോസിറ്റീവിലെത്തിക്കാൻ കഴിയൂ. അതേസമയം, നിലവിൽ +0.323 എന്ന റൺറേറ്റുള്ള രാജസ്ഥാനെ ബാംഗ്ലൂരിന് മറികടക്കണമെങ്കിൽ സഞ്ജുവും ടീമും വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 80-ലേറെ റൺസിന് തോൽക്കുകയും വേണം. ഏറെക്കുറെ അസാധ്യമായ കാര്യങ്ങളാണ് രണ്ടും.

ഇനി ഇത് രണ്ടും സംഭവിച്ചു എന്നുതന്നെ ഇരിക്കട്ടെ, രാജസ്ഥാന് അനുകൂലമാകുന്ന വേറെയും കാര്യങ്ങളുണ്ട്. ഇന്ന് ജയിക്കുന്നത് പഞ്ചാബ് ആണെങ്കിൽ അവർ അടുത്ത മത്സരത്തിൽ ഹൈദരാബാദിനോടോ, ഡൽഹി ക്യാപിറ്റൽസ് ആണെങ്കിൽ അവർ മുംബൈയോടോ തോറ്റാലും മതി.

ബാംഗ്ലൂരിന്റെ സാധ്യത

നിലവിൽ നാലാം സ്ഥാനത്തുണ്ടെങ്കിലും പ്ലേഓഫ് ഉറപ്പാക്കാൻ ബാംഗ്ലൂരിന് ഗുജറാത്തിനെതിരായ ജയം മാത്രമല്ല, ഭാഗ്യം കൂടി വേണ്ടിവരും. മികച്ച നെറ്റ്‌റൺറേറ്റുള്ള ഡൽഹി ഇന്ന് പഞ്ചാബിനെ തോൽപ്പിക്കുകയും നിർണായകമായ അവസാന മത്സരം ജയിക്കുകയും ചെയ്താൽ ബാംഗ്ലൂരിന്റെ വഴി അടഞ്ഞു എന്നുതന്നെ പറയാം. എന്നാൽ, ഇന്ന് പഞ്ചാബ് നേരിയ മാർജിനിൽ ജയിക്കുകയും അടുത്ത കളിയിൽ അവർ മുംബൈയോട് തോൽവി വഴങ്ങുകയും ചെയ്താൽ ബാംഗ്ലൂരിന്റെ സാധ്യത ശക്തമാകും; അതിന് അവർ ഗുജറാത്തിനെ തോൽപ്പിക്കണം എന്നുമാത്രം.

ആരൊക്കെ പുറത്തായി?

കണക്കുപ്രകാരം കരുത്തരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും മാത്രമാണ് ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടുള്ളത്. ഗുജറാത്ത് മാത്രം പ്ലേഓഫ് ഉറപ്പാക്കുകയും ചെയ്തു. എന്നാൽ, രാജസ്ഥാൻ റോയൽസിനും ലഖ്‌നൗവിനും കണക്കുകൾ പ്രകാരം തന്നെ പ്ലേഓഫ് യോഗ്യതയ്ക്കുള്ള ശക്തമായ സാധ്യതയുണ്ട്. ഭാഗ്യദേവത കൂടെ നിന്നാൽ പ്ലേഓഫിലെത്താൻ സൺറൈസേഴ്‌സ് ഹൈദരാബാദിനും അവസരമുണ്ടെങ്കിലും അത് ഏറെക്കുറെ അസാധ്യമായ രീതിയിലാണ്. കൊൽക്കത്തയുടെ കാര്യവും വ്യത്യസ്തമല്ല.

Similar Posts