സഞ്ജുവിന്റെ വിഷുക്കൈനീട്ടമില്ല; രാജസ്ഥാനെ തോൽപ്പിച്ച് ഗുജറാത്ത് ഒന്നാമത്
|24 പന്തിൽ 54 റൺസെടുത്ത ജോസ് ബട്‌ലർ തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ
മുംബൈ: വിഷു കൈനീട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് നിരാശ നൽകി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്.ഗുജറാത്ത് 37 റൺസിനാണ് രാജസ്ഥാനെ തോൽപ്പിച്ചത്. 193 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്‌സ് 155/9 നിലയിൽ അവസാനിച്ചു. മിന്നും തുടക്കമായിരുന്നു രാജസ്ഥാന് ബട്‌ലർ സമ്മാനിച്ചത്. എന്നാൽ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് ടീമിന് തിരിച്ചടിയാവുകയായിരുന്നു.
24 പന്തിൽ 54 റൺസെടുത്ത ജോസ് ബട്‌ലർ തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.29 റൺസെടുത്ത ഹെറ്റ്‌മെയർ മാത്രമാണ് ചെറുതായെങ്കിലും പോരാടി നോക്കിയത്.ഗുജറാത്ത് നിരയിലെ എല്ലാ ബൗളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗുജറാത്തിനായി യഷ് ദയാൽ നാലും ലോക്കി ഫെർഗൂസൻ മൂന്നും വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.
അതേസമയം, ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 192 റൺസ് എടുത്തിരുന്നു.ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെയും അഭിനവ് മനോഹറിന്റെയും പ്രകടനമാണ് ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഹർദിക് 87 റൺസ് എടുത്ത് പുറത്താകാതെ നിന്നപ്പോൾ അഭിനവ് 43 റൺസെടുത്ത് പുറത്തായി.
തകർച്ചയോടെയായിരുന്നു ഗുജറാത്തിന്റെ തുടക്കം. 12 റൺസിലെത്തി നിൽക്കെ ആദ്യ വിക്കറ്റ് ഗുജറാത്തിന് നഷ്ടമായി. വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിനെ സൂപ്പർ ത്രോയിലൂടെ വാൻ ഡെർ ഡെസൻ റൺഔട്ടാക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കർ 2 റൺസെടുത്ത് പുറത്തായതോടെ ടീം തകർച്ചയിലേക്ക് വീഴുകയാണെന്ന പ്രതീതി നൽകി. എന്നാൽ,പിന്നീടെത്തിയ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ശ്രദ്ധയോടെ ബാറ്റ് വീശിയതോടെ ടീം തകർച്ചയിൽ നിന്ന് കരകയറുകയായിരുന്നു.
സ്‌കോർ 53 ൽ എത്തി നിൽക്കെ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ അഭിനവ് മനോഹറും ക്യാപ്റ്റനൊപ്പം നന്നായി ബാറ്റ് വീശിയപ്പോൾ രാജസ്ഥാൻ ബൗളർമാർ വിയർത്തു.
നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 86 റൺസാണ്. സ്‌കോർ 139 ൽ എത്തിയപ്പോൾ അഭിനവ് മനോഹറർ പുറത്തായെങ്കിലും പിന്നീടെത്തിയ ഡേവിഡ് മില്ലറും തകർത്തടിച്ചതോടെ സ്‌കോർ 192 എത്തുകയായിരുന്നു. മില്ലർ പുറത്താകാതെ റൺസെടുത്തു. രാജസ്ഥാനായി കുൽദീപ് സെൻ,ചഹൽ,റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് നേടി.