രാജസ്ഥാൻ ഇന്ന് കൊൽക്കത്തയ്ക്കെതിരെ; സഞ്ജുവിനും സംഘത്തിനും തിരിച്ചുവരാനാകുമോ?
|ഇന്ന് സഞ്ജുവിന്റെ 150താമത് ഐ.പി.എൽ മത്സരമാണ് നടക്കുന്നത്
കൊൽക്കത്ത: ഐ.പി.എല്ലിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തുടർച്ചയായി പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയിറങ്ങുന്നു. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.
നിലവിൽ 11 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ആറ് തോൽവിയുമായി പോയിൻറ് പട്ടികയിൽ അഞ്ചാമതാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ. ഇത്രതന്നെ ജയപരാജയങ്ങളുമായി പത്ത് പോയിൻറുള്ള കൊൽക്കത്ത ആറാമതാണ്. ഇനിയുള്ള മൂന്നു മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ രാജസ്ഥാന് പ്ലേഓഫ് റൗണ്ട് പ്രതീക്ഷകൾ സജീവമാക്കാനാകൂ. കൊൽക്കത്തയ്ക്കും വിജയമല്ലാതെ മറ്റു വഴികളില്ല. 2023 ഐ.പി.എൽ സീസണിൽ ആദ്യമായാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.
ഇന്ന് സഞ്ജുവിന്റെ 150താമത് ഐ.പി.എൽ മത്സരമാണ് നടക്കുന്നത്. ഐ.പി.എൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളറാകാൻ യുസ്വേന്ദ്ര ചഹലിന് ഒരു വിക്കറ്റ് കൂടി മതിയാകും. നിലവിൽ 183 വിക്കറ്റെന്ന നേട്ടത്തിൽ താരം പങ്കാളിയായിരിക്കുകയാണ്. അതേസമയം, ഐ.പി.എൽ 2023ൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർമാർ കൊൽക്കത്തൻ നിരയിലാണ്. വരുൺ ചക്രവർത്തി, സുയാഷ് ശർമ തുടങ്ങിയവരാണ് കെ.കെ.ആറിനായി തിളങ്ങുന്നത്.
Rajasthan Royals take on Kolkata Knight Riders today in the IPL.