സി.എസ്.കെയ്ക്ക് പിറകേ മുംബൈയെയും വീഴ്ത്താൻ രാജസ്ഥാൻ; തിരിച്ചുവരവിനൊരുങ്ങി രോഹിതും സംഘവും
|മുംബൈയെ അവരുടെ തട്ടകമായ വാംഖഡെയിൽ വെച്ചാണ് സഞ്ജുവും സംഘവും നേരിടുന്നത്
മുംബൈ: എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 32 റൺസിന് മുട്ടുകുത്തിച്ചെത്തുന്ന രാജസ്ഥാൻ റോയൽസിന്റെ ഇന്നത്തെ എതിരാളികൾ മുംബൈ ഇന്ത്യൻസ്. ദേശീയ ടീം നായകൻ കൂടിയായ രോഹിത് ശർമയുടെ ടീമിനെ അവരുടെ തട്ടകമായ വാംഖഡെയിൽ വെച്ചാണ് സഞ്ജുവും സംഘവും നേരിടുന്നത്. വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. രോഹിത് ശർമയുടെ 36ാം ജന്മദിനമാണിന്ന്. 1987 ഏപ്രിൽ 30നാണ് താരം ജനിച്ചത്. പിറന്നാൾ ദിനത്തിൽ രോഹിതിന് സഞ്ജുവും സംഘവും പണി കൊടുക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
പോയിൻറ് പട്ടികയിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മുംബൈ ഒമ്പതാമതാണ്. ഐ.പി.എല്ലിൽ ഏറെ പ്രൗഡിയുള്ള കണക്കുകൾ പറയാനുള്ള മുംബൈയ്ക്ക് ആറ് പോയിൻറ് മാത്രമാണുള്ളത്. എന്നാൽ സഞ്ജുവിനും സംഘത്തിനും പത്ത് പോയിൻറുണ്ട്. ആർ.ആർ. അഞ്ച് വിജയങ്ങൾ നേടിയപ്പോൾ, മുംബൈ ടീം മൂന്നുവട്ടമാണ് വിജയിച്ചത്.
ഏറ്റവും ഒടുവിൽ ജയ്പൂരിൽ വെച്ച് സി.എസ്.കെയെയാണ് രാജസ്ഥാൻ തോൽപ്പിച്ചത്. അതിന് മുമ്പ് നടന്ന മത്സരത്തിൽ ടീമിനെ ആർ.സി.ബി തോൽപ്പിച്ചത് ഏഴ് റൺസിനായിരുന്നു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനോട് 55 റൺസിന്റെ തോൽവി വഴങ്ങിയാണ് മുംബൈ എത്തുന്നത്. അതിന് മുമ്പ് പഞ്ചാബ് കിംഗ്‌സിനോട് നടന്ന മത്സരത്തിലും ടീം തോറ്റിരുന്നു. 13 റൺസിനായിരുന്നു തോൽവി.
രാജസ്ഥാൻ റോയൽസ് സാധ്യതാ സംഘം: ജോസ് ബട്‌ലർ, യശ്വസി ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ/ ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറേൽ, ആർ. അശ്വിൻ, സന്ദീപ് ശർമ, ആദം സാംമ്പ, ട്രെൻറ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.
മുംബൈ ഇന്ത്യൻസ് സാധ്യതാ സംഘം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ടിം ഡേവിഡ്, നേഹാൽ വധീര, ജോഫ്ര ആർച്ചർ, അർജുൻ ടെണ്ടുൽക്കർ, ഹൃത്വിക് ഷൗകീൻ, പിയൂഷ് ചാവ്‌ല.