'ഒടുവില്‍' ഫിനിഷറായി പരാഗ്; ബാംഗ്ലൂരിന് 145 റണ്‍സ് വിജയലക്ഷ്യം
|വെറും 29 പന്തില്‍ നിന്നാണ് പരാഗ് അര്‍ധസെഞ്ച്വറി തികച്ചത്.
ജോസ് ബട്ലറക്കം ഐ.പി.എല്ലിലെ പേരുകേട്ട ബാറ്റിങ് നിര വരിവരിയായി കൂടാരം കയറിയപ്പോൾ രാജസ്ഥാന്റെ റിയല്‍ ഫിനിഷറായി റിയാന്‍ പരാഗ്. അര്‍ധ സെഞ്ച്വറി നേടിയ പരാഗിന്റെ കരുത്തില്‍ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 144 റൺസ് എടുത്തു.
കഴിഞ്ഞ സീസണുകളിലും ഈ സീസണിലും ഫോം കണ്ടെത്താന്‍ വിഷമിച്ചു നിന്ന റിയാന്‍ പരാഗ് ഫോമിലേക്കുയര്‍ന്നതാണ് ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പരാഗ് വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. 31 പന്തില്‍ നാല് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ പരാഗ് 56 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മുഹമ്മദ് സിറാജും ഹസരംഗയും ഹേസൽവുഡും ചേർന്നാണ് രാജസ്ഥാന്റെ പേരു കേട്ട ബാറ്റിംഗ് നിരയെ തകർത്തത്. മൂവരും രണ്ട് വിക്കറ്റ് വീതം നേടി.
രാജസ്ഥാനായി ക്യാപ്റ്റൻ സഞ്ജു സാംസണ് 21 പന്തിൽ നിന്ന് മൂന്ന് സിക്സുകളുടേയും ഒരു ഫോറിന്റേയും അകമ്പടിയിൽ 27 റൺസെടുത്തു. മൂന്ന് സെഞ്ച്വറി നേടി ഈ സീസണിൽ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ഓപ്പണര്‍ ജോസ് ബട്ലറെ നാലാം ഓവറില്‍ തന്നെ പുറത്താക്കിയതാണ് ആദ്യ ഓവറുകളില്‍ രാജസ്ഥാനെ പിടിച്ചു കെട്ടാന്‍ ബാംഗ്ലൂരിനെ സഹായിച്ചത്.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂർ രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ദേവദത്ത് പടിക്കലിനെ കൂടാരം കയറ്റി മുഹമ്മദ് സിറാജാണ് രാജസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നീട് മൂന്നാം ഓവറിൽ അശ്വിനും നാലാം ഓവറിൽ ബട്ലറും തുടരെ കൂടാരം കയറി. പിന്നീട് ക്രീസിലെത്തിയ സംഞ്ജു പൊരുതി നോക്കിയെങ്കിലും 27 റൺസിന് ഹസരംഗക്ക് മുന്നിൽ വീണു. പിന്നീട് ക്രീസിലെത്തിയ പരാഗ് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.