ഹർദിക് തുടങ്ങി മില്ലർ അവസാനിപ്പിച്ചു; ഗുജറാത്തിന് കൂറ്റൻ സ്കോർ
|സ്കോർ 53 ൽ എത്തി നിൽക്കെ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ അഭിനവ് മനോഹറും ക്യാപ്റ്റനൊപ്പം നന്നായി ബാറ്റ് വീശിയപ്പോൾ രാജസ്ഥാൻ ബൗളർമാർ വിയർത്തു
മുംബൈ: ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 193 റൺസ് വിജയലക്ഷ്യം.ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെയും അഭിനവ് മനോഹറിന്റെയും പ്രകടനമാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. ഹർദിക് 87 റൺസ് എടുത്ത് പുറത്താകാതെ നിന്നപ്പോൾ അഭിനവ് 43 റൺസെടുത്ത് പുറത്തായി.
തകർച്ചയോടെയായിരുന്നു ഗുജറാത്തിന്റെ തുടക്കം. 12 റൺസിലെത്തി നിൽക്കെ ആദ്യ വിക്കറ്റ് ഗുജറാത്തിന് നഷ്ടമായി. വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിനെ സൂപ്പർ ത്രോയിലൂടെ വാൻ ഡെർ ഡെസൻ റൺഔട്ടാക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കർ 2 റൺസെടുത്ത് പുറത്തായതോടെ ടീം തകർച്ചയിലേക്ക് വീഴുകയാണെന്ന പ്രതീതി നൽകി. എന്നാൽ,പിന്നീടെത്തിയ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ശ്രദ്ധയോടെ ബാറ്റ് വീശിയതോടെ ടീം തകർച്ചയിൽ നിന്ന് കരകയറുകയായിരുന്നു.
സ്കോർ 53 ൽ എത്തി നിൽക്കെ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ അഭിനവ് മനോഹറും ക്യാപ്റ്റനൊപ്പം നന്നായി ബാറ്റ് വീശിയപ്പോൾ രാജസ്ഥാൻ ബൗളർമാർ വിയർത്തു.
നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 86 റൺസാണ്. സ്കോർ 139 ൽ എത്തിയപ്പോൾ അഭിനവ് മനോഹറർ പുറത്തായെങ്കിലും പിന്നീടെത്തിയ ഡേവിഡ് മില്ലറും തകർത്തടിച്ചതോടെ സ്കോർ 192 എത്തുകയായിരുന്നു. മില്ലർ പുറത്താകാതെ റൺസെടുത്തു. രാജസ്ഥാനായി കുൽദീപ് സെൻ,ചഹൽ,റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് നേടി.