'എന്താ ഇനി ഇവരെ ചെയ്യുക': പരാഗിനും പടിക്കലിനുമെതിരെ വടിയെടുത്ത് ആരാധകർ
|ജയിക്കാവുന്ന കളി തോറ്റത് ഇരുവരുടെയും 'മിടുക്ക്' കൊണ്ടാണെന്ന് രാജസ്ഥാൻ ആരാധകർ കുറ്റപ്പെടുത്തുന്നു.
ജയ്പൂർ: ലക്‌നൗ സൂപ്പർജയന്റ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തോറ്റതിന് പിന്നാലെ ദേവ്ദത്ത് പടിക്കലിനെതിരെയും റിയാൻ പരാഗിനെതിരെയും വടിയെടുത്ത് ആരാധകർ. ഇവരെക്കൊണ്ട് ടീം ജയിക്കാൻ പോകുന്നില്ലെന്ന് ആരാധകർ പറഞ്ഞു. ജയിക്കാവുന്ന കളി തോറ്റത് ഇരുവരുടെയും 'മിടുക്ക്' കൊണ്ടാണെന്ന് രാജസ്ഥാൻ ആരാധകർ കുറ്റപ്പെടുത്തുന്നു.
155 എന്ന കുറഞ്ഞ സ്‌കോർ പിന്തുടർന്ന രാജസ്ഥാൻ ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷ ഉയർത്തിയതിന് ശേഷമാണ് കീഴടങ്ങിയത്. ആവേശ് ഖാന്റെയും മാർക്കോസ് സ്റ്റോയിനിസിന്റെയും ഓൾറൗണ്ട് പ്രകടനമാണ് ലക്‌നൗവിന് ജയമൊരുക്കിയത്. ഓപ്പണിങിൽ മികച്ച കൂട്ടുകെട്ടും റൺസും വന്നെങ്കിലും പിന്നാലെ തകിടം മറിയുകയായിരുന്നു. സാധാരണ രാജസ്ഥാന്റെ മത്സരങ്ങളിൽ സ്‌കോർ ഉയർത്താറുള്ള സഞ്ജു സാംസൺ, ഷിംറോൺ ഹെറ്റ്മയർ എന്നിവർ എളുപ്പം പുറത്തായതാണ് രാജസ്ഥാന് ക്ഷീണമായത്.ക്രീസിലുണ്ടായിരുന്ന പടിക്കലിനും പരാഗിനും റൺറേറ്റ് ഉയർത്താനോ മികച്ച പ്രകടനം കാഴ്ചവെക്കാനോ കഴിഞ്ഞില്ല.
പടിക്കലും പരാഗും ശ്രമിച്ചെങ്കിലും പന്ത് ബാറ്റിൽ തന്നെ കൊള്ളുന്നുണ്ടായിരുന്നില്ല. ഈ സീസൺ മുതൽ അമ്പെ പരാജയമാകുകയാണ് ഇരുവരും. ബാറ്റിങ് മറന്ന ഇരുവർക്കും രാജസ്ഥാൻ ഇലവനിൽ നിരന്തരം ഇടംലഭിക്കുന്നതും ആരാധകർ ചോദ്യംചെയ്യുന്നുണ്ട്. 21 പന്തിൽ നിന്ന് 26 റൺസെടുത്താനെ പടിക്കലിനായുള്ളൂ. പരാഗാകട്ടെ 12 പന്തുകൾ നേരിട്ട് കിട്ടിയത് വെറും 15 റൺസും. ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവും രണ്ട് തോൽവിയുമായി രാജസ്ഥാൻ റോയൽസ് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.
മികച്ച റൺറേറ്റാണ് രാജസ്ഥാന് തുണയാകുന്നത്. അത്രയും മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയുമായി ലക്‌നൗ സൂപ്പർ ജയന്റ്‌സും രണ്ടാം സ്ഥാനത്തുണ്ട്. ചെന്നൈ സൂപ്പർകിങ്‌സാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം.