അയർലാൻഡിൽ രജനികാന്തിന്റെ ജയ്‌ലർ ഷോ; മുഖ്യാതിഥിയായി സഞ്ജു സാംസൺ
|ഏഷ്യാ കപ്പ് ടീമിൽ സഞ്ജു റിസർവ് താരം
ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ കടുത്ത ആരാധകനാണ്. മലയാളി താരം നേരത്തെ രജനിയെ വീട്ടിൽ പോയിക്കാണുക വരെ ചെയ്തിരുന്നു. ഇപ്പോൾ അയർലാൻഡിൽ ഇന്ത്യൻ ടീമിനൊപ്പം പര്യടനം നടത്തുകയാണ് സഞ്ജു. അവിടെ നടന്ന തലൈവരുടെ പുതിയ ചിത്രം 'ജയ്‌ലറു'ടെ ഷോയിൽ മുഖ്യാതിഥിയായി സഞ്ജു പങ്കെടുത്തു. ഞായറാഴ്ച ഡബ്ലിനിൽ നടന്ന ടി20 മത്സരത്തിനിടെ കമന്റേറ്റർ നിയാൽ ഒബ്രിയാനാണ് ഈ വിവരം പങ്കുവെച്ചത്.
അതേസമയം, ലോകത്തുടനീളം പ്രദർശിപ്പിക്കുന്ന രജനിയുടെ ചിത്രം ബോക്‌സ് ഓഫീസിൽ 500 കോടി നേടിയിരിക്കുകയാണ്. രജനിയോടുള്ള ആരാധനയെ കുറിച്ച് സഞ്ജു നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. തിയറ്ററുകളിൽ പോയി അദ്ദേഹത്തിന്റെ പടം കാണാറുണ്ടെന്നും പറഞ്ഞു. ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ ചെന്ന് രജനിയെ സഞ്ജു കാണുകയും ചെയ്തിരുന്നു.
ഈ കൂടിക്കാഴ്ചയുടെ ചിത്രം സഞ്ജു തന്നെ സമൂഹ മാധ്യമങ്ങളിൽ മാർച്ച് 12ന് പങ്കുവെച്ചിരുന്നു. 'ഏഴാം വയസിൽ സൂപ്പർ രജനിയുടെ ആരാധകനായിരുന്നു. ഒരിക്കൽ രജനി സാറുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കാണുമെന്ന് ഞാൻ മാതാപിതാക്കളോട് പറഞ്ഞു. 21 വർഷത്തിന് ശേഷം ആ ദിവസം വന്നു. തലൈവർ എന്നെ ക്ഷണിച്ചു' സഞ്ജു രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു.
ഏഷ്യാ കപ്പ് ടീമിൽ സഞ്ജു റിസർവ് താരം
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസൺ റിസർവ് താരമായാണ് ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. കെ.എൽ രാഹുലിന്റെ പരിക്ക് പൂർണമായി മാറിയിട്ടില്ലാത്തതിനാലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. ശ്രേയസ് അയ്യരും പ്രസിദ് കൃഷ്ണയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം വെസ്റ്റിൻഡീസ് പര്യടനത്തിലൂടെ ദേശീയകുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച തിലക് വർമയും ടീമിൽ ഇടംകണ്ടെത്തിയിട്ടുണ്ട്.
18 അംഗ സംഘത്തെയാണ് ബി.സി.സി.ഐ സെലക്ഷൻ സമിതി തലവൻ അജിത് അഗർക്കർ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഏറെനാളായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബ് ക്യാംപിലായിരുന്നു. ഇതിൽ അയ്യർ പൂർണ ഫിറ്റ്നെസ് തിരിച്ചെടുത്തിട്ടുണ്ടെന്ന് അഗർക്കർ അറിയിച്ചു.
ഏറെനാളായി ടീമിനു പുറത്തുള്ള മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്. ഷർദുൽ താക്കൂർ ഓൾറൗണ്ടറായും ടീമിൽ ഇടംപിടിച്ചു. വിശ്രമം നൽകിയ മുഹമ്മദ് സിറാജും ടീമിലുണ്ട്. ആർ. അശ്വിനും യുസ്വേന്ദ്ര ചഹലും ടീമിൽനിന്നു പുറത്താണെന്നതാണ് ഏറെ ശ്രദ്ധേയം. കുൽദീപ് യാദവാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ. രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ഓൾറൗണ്ടിങ് സ്പിന്നർമാരായി ടീമിലുണ്ട്. ഏറെക്കുറെ ഇതേ ടീമിൽനിന്നു തന്നെയാകും ലോകകപ്പ് സംഘത്തെയും തിരഞ്ഞെടുക്കുകയെന്നും ചീഫ് സെലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ(വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ. റിസർവ്: സഞ്ജു സാംസൺ.
Rajinikanth's Jailer Show in Ireland; Sanju Samson as the chief guest