Cricket
രണ്ടാം നിര ടീമിനെ അയച്ച് ഇന്ത്യ ശ്രീലങ്കയെ അപമാനിച്ചതായി  രണതുംഗ
Cricket

രണ്ടാം നിര ടീമിനെ അയച്ച് ഇന്ത്യ ശ്രീലങ്കയെ അപമാനിച്ചതായി രണതുംഗ

Web Desk
|
2 July 2021 1:06 PM GMT

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി വിരാട് കോഹ്‌ലിയും സംഘവും നിലവിൽ ഇംഗ്ലണ്ടിലായതിനാലാണ് യുവനിരയെ ബി.സി.സി.ഐ ലങ്കയിലേക്ക് അയച്ചത്

ശ്രീലങ്കൻ പര്യടനത്തിന് രണ്ടാംനിര ടീമിനെ അയച്ച് ബി.സി.സി.ഐ അപമാനിച്ചുവെന്ന ആരോപണവുമായി മുൻ നായകൻ അർജുന രണതുംഗ രംഗത്ത്. ഇന്ത്യ അയച്ച രണ്ടാംനിര ടീമിനെതിരേ കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെയും മുൻ നായകൻ വിമർശിച്ചു.

1996ൽ ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ രൂക്ഷമായാണ് പ്രതികരിച്ചത്.'ഇവിടെ എത്തിയിരിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിര ടീമാണ്. ഇത് ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെലിവിഷൻ മാർക്കറ്റിങ് ആവശ്യം മാത്രം കണക്കിലെടുത്ത് ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെയാണ് കുറ്റം പറയേണ്ടത്. ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യ അവരുടെ മികച്ച താരങ്ങൾ അടങ്ങുന്ന ടീമിനെ അയച്ചപ്പോൾ ദുർബലരായ സംഘത്തെയാണ് ഇങ്ങോട്ട് അയച്ചത്. എല്ലാത്തിനും കാരണം നമ്മുടെ ബോർഡാണ്.' രണതുംഗ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി വിരാട് കോഹ്‌ലിയും സംഘവും നിലവിൽ ഇംഗ്ലണ്ടിലായതിനാലാണ് യുവനിരയെ ബി.സി.സി.ഐ ലങ്കയിലേക്ക് അയച്ചത്. 2020-ൽ കോവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ച പരമ്പരയാണിത്. ശിഖർ ധവാൻ നയിക്കുന്ന ടീമിന്റെ ഉപനായകൻ ഭുവനേശ്വർ കുമാറാണ്. ദേവദത്ത് പടിക്കൽ, സഞ്ജു സാംസണ്‍, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പാണ്ഡ്യ സഹോദരന്മാർ തുടങ്ങിയവരെല്ലാം ടീമിലുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടർ രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ലങ്കൻ ടീം തുടർ തോൽവിയിൽ പ്രതിസന്ധിയിലാണ്. മൂന്ന് മത്സര ട്വന്റി-20 പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ ലങ്കൻ ടീം ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റു. കഴിഞ്ഞ അഞ്ച് ട്വന്റി-20 പരമ്പരയിലും ലങ്കക്ക് തോൽവിയായിരുന്നു ഫലം.

Similar Posts