ബൗളിങിൽ മാത്രമല്ല, സച്ചിന്റെ മകൻ ബാറ്റിങിലും കിടിലൻ; രഞ്ജി ട്രോഫിയിൽ അർധ സെഞ്ചുറി
|എട്ടാമതായി ക്രീസിലെത്തിയ അർജുൻ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 52 റൺസെടുത്തു.
മൈസൂർ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ബാറ്റിങ് പ്രകടനം ഓർമിപ്പിച്ച് രഞ്ജി ട്രോഫിയിൽ മകൻ അർജുൻ ടെണ്ടുൽക്കറുടെ കിടിലൻ ഇന്നിങ്‌സ്. കർണാടകക്കെതിരായ മത്സരത്തിൽ ഗോവക്കായാണ് യുവതാരത്തിന്റെ മികച്ച പ്രകടനം. എട്ടാമതായി ക്രീസിലെത്തിയ അർജുൻ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 52 റൺസെടുത്തു. ഒരു ഘട്ടത്തിൽ 250ൽ ഒതുങ്ങുമെന്ന് കരുതിയിടത്ത് നിന്നാണ് മുംബൈ ഇന്ത്യൻസ് താരത്തിന്റെ ഇന്നിങ്‌സ് മികവിൽ ഗോവ 321 റൺസെന്ന ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എട്ടു വിക്കറ്റിനു 221 റൺസെന്ന നിലയിലായിരുന്നു ഗോവ. എന്നാൽ അർജുനും മറ്റൊരു വാലറ്റക്കാരനായ ഹെറാംബ് പറബും (53) ഫിഫ്റ്റികളോടെ ടീമിനെ കൈപിടിച്ചുയർത്തുകയായിരുന്നു. 83 റൺസുമായി സ്‌നേഹൽ കൗതങ്കറാണ് ടോപ് സ്‌കോറർ.
മറുപടി ബാറ്റിങിനിറങ്ങിയ കർണാടകക്കായി മയങ്ക് അഗർവാൾ 114 റൺസും ദേവ്ദത്ത് പടിക്കൽ 103 റൺസും നേടി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന നിലയിലാണ് ശക്തമായ നിലയിലാണ് കർണ്ണാടക. തുടർച്ചയായി രണ്ടാമത്തെ കളിയിലാണ് ഗോവക്കു വേണ്ടി അർജുൻ ബാറ്റിങിൽ നിർണായക സംഭാവന നൽകിയത്. ചണ്ഡീഗഡുമായി സമനിലയിൽ കലാശിച്ച തൊട്ടുമുമ്പത്തെ കളിയിലും അർജുൻ തിളങ്ങിയിരുന്നു അന്ന് ആദ്യ ഇന്നിങ്സിൽ 60 ബൗളിൽ ആറു ഫോറും നാലു സിക്സറുമടക്കം 70 റൺസാണ് താരം അടിച്ചെടുത്തത്. ഫിനിഷറായി മികച്ച ഇന്നിങ്സുകൾ കളിക്കാൻ തനിക്കു സാധിക്കുമെന്നു ഗോവയ്ക്കൊപ്പം വീണ്ടുമൊരു ഫിഫ്റ്റിയോടെ തെളിയിച്ചിരിക്കുകയാണ് അർജുൻ.
ഐപിഎൽ മുംബൈ ഇന്ത്യൻസ് താരമായ 24കാരനെ വരും സീസണിൽ ഓൾറൗണ്ടറായി ഇറക്കാൻ മാനേജ്‌മെന്റിന് ധൈര്യം പകരുന്നതാണ് രഞ്ജിയിലെ ഈ രണ്ട് ഇന്നിങ്‌സ്. കഴിഞ്ഞ സീസണിൽ നാലു മൽസരങ്ങളിലാണ് മുംബൈയ്ക്കായി അർജുൻ കളിച്ചത്. മൂന്നു വിക്കറ്റുകളെടുത്ത താരം 13 റൺസാണ് സ്‌കോർ ചെയ്തത്. 2020-21 സീസണിൽ മുംബൈയ്ക്കൊപ്പമാണ് ആഭ്യന്തര ക്രിക്കറ്റിൽ അർജുൻ അരങ്ങേറിയത്. എന്നാൽ അവസരങ്ങൾ കുറഞ്ഞതോടെ ഗോവയിലേക്ക് ചുവട് മാറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒമ്പതു മൽസരങ്ങളിലാണ് അർജുൻ ഇതുവരെ കളിച്ചത്. 26.16 ശരാശരിയിൽ 314 റൺസ് നേടുകയും ചെയ്തു. ഒരു സെഞ്ചുറിയും രണ്ടു അർധ സെഞ്ചുറിയും സഹിതമാണിത്.