വിജയമില്ല, രഞ്ജിയിൽ കേരളത്തിന് സമനില; നോക്കൗട്ട് സാധ്യത മങ്ങി
|ക്യാപ്റ്റൻ സഞ്ജു സാംസൺ 24 റൺസെടുത്ത് പുറത്തായി.
റായ്പൂർ: രഞ്ജി ട്രോഫി മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് സമനില. അവസാന ദിനം 290 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഛത്രീസ്ഗഡ് 79-1 എന്ന നിലയിൽ പോരാട്ടം അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്‌സിൽ ലീഡ് നേടിയതിനാൽ കേരളത്തിന് കൂടുതൽ പോയന്റ് ലഭിച്ചു. എന്നാൽ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ കേരളത്തിന്റെ നോക്കൗട്ട് സാധ്യത മങ്ങി. നിലവിൽ ഏഴ് പോയിന്റുമായി ആറാം സ്ഥാനത്താണ് കേരളം.
ഒന്നാമതുള്ള മുംബൈക്ക് 27 പോയന്റും രണ്ടാമതുള്ള ആന്ധ്രാ പ്രദേശിന് 21 പോയന്റുമാണുള്ളത്. ഇനി ആന്ധ്രാ, ബംഗാൾ എന്നിവർക്കെതിരെയാണ് കേരളത്തിന്റെ മത്സരം. ശക്തമായ ഈ ടീമുകൾക്കെതിരെ അത്ഭുതങ്ങൾ സൃഷ്ടിച്ചാൽ മാത്രമാകും നോക്കൗട്ടിലെത്താനാകുക.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ കേരളം അഞ്ചിന് 251 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 94 റൺസുമായി സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. ആദ്യ ഇന്നിംഗ്സിലും 91 റൺസുമായി സച്ചിൻ തിളങ്ങിയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ 50 റൺസുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ 24 റൺസെടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ തുടക്കത്തിൽ തന്നെ ഛത്തീസ്ഗഡിന് ശശാങ്ക് ചന്ദ്രശേഖറിന്റെ (14) വിക്കറ്റ് വീഴ്ത്തി കേരളം പ്രതീക്ഷകാത്തെങ്കിലും റിഷഭ് തിവാരിയും അഷുതോഷ് സിങും ക്രീസിൽ നിലയുറപ്പിച്ചു. ആദ്യ ഇന്നിങ്‌സിൽ ഛത്തീസ്ഗഡിനായി സെഞ്ചുറി നേടിയ ഏക്‌നാഥ് ഖേർഖറാണ് കളിയിലെ താരം.