Cricket
Akshay Chandran and Rohan score half-centuries; A good start for Kerala in the Ranji Trophy
Cricket

അക്ഷയ് ചന്ദ്രനും രോഹനും അർധ സെഞ്ച്വറി; രഞ്ജി ട്രോഫിയിൽ കേരളത്തിന് ഭേദപ്പെട്ട തുടക്കം

Sports Desk
|
13 Nov 2024 1:53 PM GMT

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയുമാണ് ക്രീസിൽ

റോത്തക്ക്: രഞ്ജി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 138-2 എന്ന നിലയിലാണ് കേരളം. അക്ഷയ് ചന്ദ്രനും(51) സച്ചിൻ ബേബി(24)യുമാണ് ക്രീസിൽ. 55 റൺസെടുത്ത രോഹൻ എസ് കുന്നുമ്മലിന്റേയും ബാബ അപരാജിതിന്റേയും (0) വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്.

ഹരിയാന ലാഹ്ലി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ കേരളത്തിന്റെ തുടക്കം മോശമായിരുന്നു. സ്‌കോർ ബോർഡിൽ റൺസ് ചേർക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ബാബ അപരാജിത് അൻഷുൽ കംബോജിന്റെ(0) ഓവറിൽ കപിൽ ഹൂഡ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹൻ-അക്ഷയ് കൂട്ടുകെട്ട് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 91 റൺസ് കൂട്ടുകെട്ടാണ് ചേർത്തത്. 102 പന്തിൽ 55 റൺസെടുത്ത രോഹൻ കുന്നുമ്മലിനെ പുറത്താക്കി അൻഷുൽ കാംബോജ് ഹരിയാനക്ക് ബ്രേക്ക്ത്രൂ നൽകി. എന്നാൽ പിന്നീട് ക്രീസിലെത്തിയ സച്ചിൻ ബേബി കരുതലോടെ ബാറ്റുവീശി ആദ്യദിനം അവസാനിപ്പിച്ചു. കനത്ത മൂടൽ മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞതിനാൽ ആദ്യ സെഷനിൽ മത്സരം പൂർണമായും തടസപ്പെട്ടിരുന്നു.

ഉത്തർ പ്രദേശിനെ വീഴ്ത്തിയ ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇന്നിറങ്ങിയത്. വത്സൽ ഗോവിന്ദ്, ആദിത്യ സർവാതെ, കെ എം ആസിഫ് എന്നിവർക്ക് പകരം എൻ.പി ബേസിൽ, ഷോൺ റോജർ, നിതീഷ് എംഡി എന്നിവർ ടീമിലെത്തി. ഗ്രൂപ്പ് സിയിൽ ഹരിയാന ഒന്നാമതും കേരളം രണ്ടാം സ്ഥാനത്തുമാണ്.

Similar Posts