സെഞ്ച്വറിയുമായി അക്ഷയ് ചന്ദ്രൻ: രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച സ്‌കോർ
|രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലാണ് ജാര്‍ഖണ്ഡ്.
റാഞ്ചി: അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിക്കരുത്തില്‍ രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച സ്‌കോര്‍. 475 റണ്‍സാണ് കേരളം അടിച്ചെടുത്തത്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലാണ് ജാര്‍ഖണ്ഡ്. കേരളത്തിന്റെ ഒന്നാമിന്ന്ങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 388 റണ്‍സ് കൂടി വേണം.
നേരത്തെ ആറിന് 276 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന സിജോമോന്‍ ജോസഫും അക്ഷയ് ചന്ദ്രനും മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും ഏഴാം വിക്കറ്റില്‍ 171 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 153 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം 83 റണ്‍സ് അടിച്ചെടുത്ത സിജോമോന്‍ ജോസഫിനെ പുറത്താക്കി ഷഹബാസ് നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
എന്നാല്‍ മറുവശത്ത് അക്ഷയ് ചന്ദ്രന്‍ 150 റണ്‍സുമായി ഉറച്ചുനിന്നു. പത്താമനായി ക്രീസ് വിടുമ്പോള്‍ 268 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 150 റണ്‍സ് അക്ഷയ് അടിച്ചെടുത്തിരുന്നു. നേരത്തെ രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50), സഞ്ജു സാംസണ്‍ (72), സിജോമോന്‍ ജോസഫ് (83) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഷഹ്ബാസ് നദീം അഞ്ച് വിക്കറ്റെടുത്തു.