Cricket
കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകർച്ച; രഹാനെ പൂജ്യത്തിന് പുറത്ത്
Cricket

കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകർച്ച; രഹാനെ പൂജ്യത്തിന് പുറത്ത്

Web Desk
|
19 Jan 2024 12:24 PM GMT

നാല് വിക്കറ്റുമായി ശ്രേയസ് ഗോപാൽ മികച്ചു നിന്നു. ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരെ കേരളത്തിന് ആധിപത്യം. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ 78.4 ഓവറിൽ 251 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റുമായി ശ്രേയസ് ഗോപാൽ മികച്ചു നിന്നു. ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മുംബൈ ക്യാപ്റ്റൻ അജിൻക്യ രഹാനെ ബേസിൽ തമ്പിയുടെ പന്തിൽ സഞ്ജു സാംസണ് ക്യാച്ച് നൽകി പൂജ്യത്തിന് പുറത്തായി.

തനുഷ് കൊട്യൻ (56), ഭുപൻ ലാൽവാനി (50), ശിവം ദുബെ (51) എന്നിവർ മാത്രമാണ് മുംബൈ നിരയിൽ തിളങ്ങിയത്. തകർച്ചയോടെയായിരുന്നു സന്ദർശകരുടെ തുടക്കം. ആദ്യ രണ്ട് പന്തിൽ തന്നെ ബേസിൽ കേരളത്തിന് വിക്കറ്റ് സമ്മാനിച്ചു. ആദ്യ പന്തിൽ ജയ് ബിസ്ത (0) വിക്കറ്റിന് മുന്നിൽ കുടുക്കി.

നിലയുറപ്പിക്കും മുൻപെ രഹാനെയേയും മടക്കി ആതിഥേയർക്ക് മികച്ച തുടക്കം നൽകി. അഞ്ചാം വിക്കറ്റിൽ ലാൽവാനി- പ്രസാദ് പവാർ സഖ്യം 65 റൺസ് കൂട്ടിചേർത്തു. എന്നാൽ സ്‌കോർ 106ൽ നിൽക്കെ ഇരുവരേയും മുംബൈക്ക് നഷ്ടമായി. അഫ്ഗാനിസ്താനെതിരെ മിന്നും ഫോമിൽ കളിച്ച ശിവം ദുബെ രഞ്ജിയിലും ആവർത്തിച്ചു. 72 പന്തുകൾ നേരിട്ട ഇടം കൈയ്യൻ ബാറ്റർ രണ്ട് സിക്സും നാല് ഫോറും നേടി.

അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ക്യപ്റ്റൻ സ്ഥാനത്ത് സഞ്ജു മടങ്ങിയെത്തിയത് കേരളത്തിന് പ്രതീക്ഷ നൽകുന്നു. നാളെ ആതിഥേയരുടെ ബാറ്റിങ് നടക്കും. സഞ്ജുവിന് പുറമെ രോഹൻ എസ് കുന്നുമ്മൽ, രോഹൻ പ്രേം, സച്ചിൻ ബേബി അണിനിരക്കുന്ന ബാറ്റിങ്‌നിര സുശക്തമാണ്.

Similar Posts