Cricket
Ranji Trophy, Kerala VS SERVICESരഞ്ജിട്രോഫി മത്സരത്തില്‍ നിന്ന് 
Cricket

രഞ്ജിട്രോഫിയിൽ തിരിച്ചടിച്ച് കേരളം; സർവീസസ് വിയർക്കുന്നു

Web Desk
|
11 Jan 2023 12:25 PM GMT

രണ്ടാം ദിനം കളി നിർത്തുമ്പോൾ സർവീസസിന്റെ ആറു വിക്കറ്റുകൾ നഷ്ടമായി. 167 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ കേരളത്തിന് മൈൽക്കൈ. രണ്ടാം ദിനം കളി നിർത്തുമ്പോൾ സർവീസസിന്റെ ആറു വിക്കറ്റുകൾ നഷ്ടമായി. 167 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 327 റൺസ് മറികടക്കാൻ സർവീസസിന് ഇനിയും 160 റൺസ് കൂടി വേണം. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേന, വൈശാഖ് ചന്ദ്രൻ എന്നിവരാണ് സർവീസസിനെ തള്ളിയിട്ടത്.

നിധീഷ് എം.ഡി, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ സെഞ്ച്വറി നേടിയ സച്ചിൻ ബേബിയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് കേരളം പൊരുതാവുന്ന സ്‌കോർ നേടിയത്. 159 റൺസ് നേടിയ സച്ചിൻ റൺഔട്ട് ആകുകയായിരുന്നു. 308 പന്തുകളിൽ നിന്ന് 12 ഫോറും ഒരു സിക്‌സറും സഹിതമാണ് സച്ചിൻ ബേബി 159 റൺസ് നേടിയത്. സൽമാൻ നിസാർ (42) സിജോമോൻ ജോസഫ് (55) എന്നിവരാണ് കേരളത്തിനായി പൊരുതിനോക്കിയത്.

സർവീസസിനായി പതാനിയ, പൂനിയ, എം.എസ് രാതെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിൽ സർവീസസ് നന്നായി തുടങ്ങി. 48 റൺസാണ് ഓപ്പണിങിൽ കൂട്ടിച്ചേർത്തത്. ആദ്യ വിക്കറ്റ് വീണതോടെ സർവീസസിന്റെ ടച്ച് നഷ്ടമായി. സ്‌കോർബോർഡിൽ 97 റൺസ് കൂടി ചേർന്നതോടെ സർവിസസിന്റെ നാല് പേരെ കേരളം പറഞ്ഞയച്ചു. രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി കേരളം മേധാവിത്വം ഉറപ്പിച്ചു. ലീഡ് എടുക്കാനാവും മൂന്നാം ദിനത്തിൽ കേരളം ശ്രമിക്കുക. പുൽകിത് നരാങും എം.എസ് രാതെയുമാണ് ക്രീസിൽ.

Related Tags :
Similar Posts