ടി20 ക്രിക്കറ്റിൽ അതിവേഗം 400 വിക്കറ്റ്; റെക്കോര്‍ഡ് നേട്ടവുമായി റാഷിദ് ഖാന്
|ഒമ്പതാം ഓവറിൽ ന്യൂസിലാന്റ് ബാറ്റ്സ്മാൻ മാർട്ടിൻ ഗുപിറ്റിലിന്റെ വിക്കറ്റ് നേടിയതോടെയാണ് റാഷിദ് ഖാൻ ഈ നേട്ടം കരസ്തമാക്കിയത്
ന്യൂസിലന്റിനെതിരായ മത്സരത്തിൽ പരാജയപ്പെട്ട് ടി20 ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും മത്സരത്തില്‍ അഫ്ഗാനിസ്താൻ ലെഗ്സ്പിന്നർ റാഷിദ് ഖാൻ തന്റെ കരിയറിലെ ഏറ്റവും വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് നേട്ടം കരസ്തമാക്കുന്ന താരമെന്ന റെക്കോർഡാണ് റാഷിദ് ഖാൻ പിന്നിട്ടത്. ഇന്നത്തെ മത്സരത്തിലെ ഒമ്പതാം ഓവറിൽ ന്യൂസിലാന്റ് ബാറ്റ്സ്മാൻ മാർട്ടിൻ ഗുപിറ്റിലിന്റെ വിക്കറ്റ് നേടിയതോടെയാണ് റാഷിദ് ഖാൻ ഈ നേട്ടം കരസ്തമാക്കിയത്.
ഈ നേട്ടം കരസ്തമാക്കാൻ വെറും 289 മത്സരങ്ങളാണ് റാഷിദ് ഖാൻ എടുത്തത്. ഇതിന് മുമ്പ് മൂന്ന് താരങ്ങൾ മാത്രമാണ് ഈ റെക്കോർഡ് കരസ്തമാക്കിയിട്ടുള്ളത്. ഡ്വൈന്‍ ബ്രാവോയാണ് ടി 20 ക്രിക്കറ്റിൽ ഈ നേട്ടം കരസ്തമാക്കിയ ആദ്യ താരം. ടി20 ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം കരസ്തമാക്കിയ ആദ്യതാരവും ബ്രാവോയാണ്. റാഷിദ് ഖാനും ബ്രാവോക്കും പുറമെ ദക്ഷിണാഫ്രിക്കൻ ബൗളറായ ഇംറാൻ താഹിറും വെസ്റ്റിൻഡീസ് സ്പിന്നർ സുനിൽ നരൈനും മുമ്പ് ഈ നേട്ടം കരസ്തമാക്കിയിട്ടുണ്ട്.
ഒരു വർഷം ടി.20 ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോർഡും റാഷിദ് ഖാന്റേതാണ്. 2018 ലാണ് റാഷിദ് ഈ നേട്ടം കരസ്തമാക്കിയത്. അന്താരാഷ്ട്ര ടി.20 യിൽ ഏറ്റവും വേഗത്തിൽ നൂറ് വിക്കറ്റ് നേട്ടം കരസ്തമാക്കുന്ന താരവും റാഷിദ് ഖാൻ തന്നെയാണ്. 53 കളികളിൽ നിന്നാണ് റാഷിദ് ഖാൻ 100 വിക്കറ്റ് നേട്ടം കരസ്തമാക്കിയത്.