100ാം ഐ.പി.എൽ മത്സരം കളിച്ച റാഷിദ് ഖാന് ഇന്ന് കിട്ടിയത്...
|നാലും ഓവറും എറിഞ്ഞ റാഷിദ് ഖാൻ ഇന്ന് വിട്ടുകൊടുത്തത് 54 റൺസ്!
കൊൽക്കത്ത: കരിയറിലെ നൂറാം ഐ.പി.എൽ മത്സരം കളിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവരുടെ തട്ടകത്തിലായിരുന്നു റാഷിദ് ഖാന്റെ 100ാം മത്സരം. ഒരുപക്ഷേ റാഷിദ് ഖാൻ മറക്കാനാഗ്രഹിക്കുന്ന മത്സരമായിരിക്കും ഇത്. കാരണം മറ്റൊന്നുമല്ല, റൺസ് വിട്ടുകൊടുക്കുന്നതിൽ ധാരാളിയായിരുന്നു താരം.
നാലും ഓവറും എറിഞ്ഞ റാഷിദ് ഖാൻ ഇന്ന് വിട്ടുകൊടുത്തത് 54 റൺസ്! ടി20 ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള റാഷിദ് ഖാനെ ഇന്ന് ഒരുനിലക്കും ബഹുമാനിക്കാൻ കൊൽക്കത്തൻ ബാറ്റർമാർ തയ്യാറായില്ല. പ്രത്യേകിച്ച് ഗുർബാസ്. റാഷിദ് ഖാന്റെ പോരായ്മകൾ ഒരുപക്ഷേ നന്നായി അറിയാവുന്ന ഗുർബാസ് തന്നെ റാഷിദ് ഖാനെ 'എടുത്തിട്ടു'. റാഷിദ് ഖാന്റെ മികച്ച പന്തുകളെയും മോശം പന്തുകളെയും ഗുർബാസ് ഗ്യാലറിയിലെത്തിച്ചു. 2017ലാണ് റാഷിദ് ഖാൻ ഐ.പി.എൽ കളിക്കാൻ എത്തുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിലായിരുന്നു റാഷിദ് ഖാന്റെ തുടക്കം.
2021 വരെ താരം ഹൈദരാബാദിൽ തുടർന്നു. കഴിഞ്ഞ വർഷമാണ് താരത്തെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ആ വർഷം കിരീടം നേടാനും ഗുജറാത്തിനായി. ഐ.പി.എല്ലിലെ റാഷിദ് ഖാന്റെ ബൗളിങ് പ്രകടനവും മികവുറ്റതാണ്. 126 വിക്കറ്റുകളാണ് ഇതുവരെ താരം വീഴ്ത്തിയത്. 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. ബാറ്റുകൊണ്ടും റാഷിദ് ഖാന്, തിളങ്ങാനായിട്ടുണ്ട്. 99 മത്സരങ്ങളിൽ നിന്നായി റാഷിദ് നേടിയത് 326 റൺസ്. 40 റൺസാണ് ഉയർന്ന വ്യക്തിഗത സ്‌കോർ.
154.50 സ്‌ട്രൈക്ക് റേറ്റ്. ക്രീസിൽ നിലയുറപ്പിച്ചാൽ ബൗളർമാർ പേടിക്കുന്ന ബാറ്ററാകാനും റാഷിദ് ഖാനാകും. നിലവിലെ ഐ.പി.എൽ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ പർപ്പിൾ ക്യാപ്പ് ഉടമ കൂടിയാണ് റാഷിദ്. എട്ട് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 4/16 ആണ് 2023ലെ അദ്ദേഹത്തിന്റെ മികച്ച ബൗളിങ്. ഈ സീസണിൽ തന്റെ പേരിൽ ഒരു ഹാട്രിക്ക് കൂടിയുണ്ട്, കൂടാതെ ഐപിഎല്ലില്‍ ഹാട്രിക് നേടുന്ന ആദ്യത്തെ അഫ്ഗാനിസ്ഥാൻ ബൗളറാണ്.