അഞ്ച് മത്സരം, ഒമ്പത് വിക്കറ്റ്; റാഷിദ് ഖാനെ വീഴ്ത്തി രവി ബിഷ്‌ണോയി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്ത്
|ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ തിളക്കമാർന്ന പ്രകടനമാണ് ബിഷ്‌ണോയിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്
മുംബൈ: ഐ.സി.സി ടി20 റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ ബൗളർമാരിൽ ഒന്നാമനായി ഇന്ത്യയുടെ രവി ബിഷ്‌ണോയി. ഇക്കഴിഞ്ഞ ആസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ തിളക്കമാർന്ന പ്രകടനമാണ് താരത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.
അഫ്ഗാനിസ്താന്റെ സ്റ്റാർ ബൗളർ റാഷിദ് ഖാനെ പിന്തള്ളിയാണ് ബിഷ്‌ണോയിയുടെ ഒന്നാം സ്ഥാനം. ആസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ താരമായി തെരഞ്ഞെടുത്തതും ബിഷ്‌ണോയിയെ ആയിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ഇന്ത്യൻ വിജയത്തിൽ വലിയ സ്വാധീനമാണ് ബിഷ്‌ണോയി സൃഷ്ടിച്ചത്. 2022 ഫെബ്രുവരിയിലാണ് ബിഷ്‌ണോയി ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയത്. ഇതുവരെ 34 വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 699 പോയിന്റാണ് രവി ബിഷ്‌ണോയിക്ക്. രണ്ടാം സ്ഥാനത്തുള്ള റാഷിദ് ഖാനുള്ളത് 692 പോയിന്റും. ശ്രീലങ്കയുടെ വാനിഡു ഹസരങ്കയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദും.
ഇന്ത്യയുടെ ഭാവി താരം എന്നാണ് ബിഷ്‌ണോയിയെ ഇപ്പോൾ ആരാധകർ വിശേഷിപ്പിക്കുന്നത്. പ്രായം 23 ആണ് എന്നതും ഗുണമാണ്. യൂസ്‌വേന്ദ്ര ചാഹലാണ് ഇനി മിടുക്ക് തെളിയിക്കേണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ രണ്ടുപേരും ടീമിലുണ്ട്.
ചഹൽ കുറച്ച് കാലം ടീമിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ബിഷ്‌ണോയി ഫോം തുടരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിൽ ഉള്ളത്. ആദ്യ ടി20 ഇന്ത്യൻ സമയം രാത്രി 9.30ന് ഡർബനിൽ നടക്കും. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് മുന്നിൽകണ്ട് ടീം പണിയുകയാണ് ബി.സി.സി.ഐ