"പകരക്കാരനായെത്തിയ അയാള്‍ പത്ത് വര്‍ഷം പരിചയ സമ്പത്തുള്ളത് പോലെയാണ് ബാറ്റ് വീശിയത്"; പഠീദാറിനെ വാനോളം പുകഴ്ത്തി രവി ശാസ്ത്രി
|ഏഴ് സിക്‌സും 12 ഫോറുമടക്കം പുറത്താവാതെ 112 റൺസാണ് പഠീദാര്‍ ഇന്നലെ അടിച്ചു കൂട്ടിയത്
ഐ.പി.എൽ ആദ്യ പ്ലേ ഓഫിൽ ലക്‌നൗവിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി ബാംഗ്ലൂരിന്‍റെ വിജയത്തിൽ നിർണ്ണായക സാന്നിധ്യമായ യുവതാരം രജത് പഠീദാറിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ കോച്ചും കമന്‍റേറ്ററുമായ രവി ശാസ്ത്രി. ഏഴ് സിക്‌സും 12 ഫോറുമടക്കം പുറത്താവാതെ 112 റൺസാണ് പഠീദാര്‍ ഇന്നലെ അടിച്ചു കൂട്ടിയത്. ലക്നൌവിന് മുന്നില്‍ ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിൽ പകുതി റൺസും പഠീദാറിന്‍റെ ബാറ്റിൽ നിന്നാണ് പിറന്നത്.
"പകരക്കാരനായെത്തിയ കളിക്കാരനാണയാൾ. ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടു കാലത്തെ അനുഭവ സമ്പത്തുള്ള ഒരാൾ ബാറ്റ് വീശുന്നത് പോലെയാണ് അയാളുടെ ബാറ്റിങ് കണ്ടപ്പോൾ എനിക്ക് തോന്നിയത്. എതിർ നിരയിൽ ഒരു ബൗളർക്ക് പോലും അയാളെ കീഴടക്കാനായില്ലല്ലോ. മനോഹരമായ ഷോട്ടുകൾ. പ്ലേ ഓഫിന്റെ സമ്മർദങ്ങളൊന്നും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല" രവി ശാസ്ത്രി പറഞ്ഞു.
മത്സരത്തിൽ മൂന്ന് തവണ പഠീദാറിനെ പുറത്താക്കാൻ കിട്ടിയ അവസരം ലക്‌നൗ ഫീൽഡർമാർ കളഞ്ഞു കുളിച്ചിരുന്നു. പിന്നീട് രവി ബിഷ്‌ണോയ് അടക്കം പേരു കേട്ട പല ബോളർമാരും പഠീദാറിന്‍റെ ബാറ്റിന്റെ ചൂടറിഞ്ഞു.
സെഞ്ച്വറിയടിച്ച പഠിദാറിന്റെ ബാറ്റിങ് കരുത്തിൽ ബാംഗ്ലൂർ നേടിയ കൂറ്റൻ സ്‌കോർ മറികടക്കാനുള്ള ലഖ്‌നൗവിന്റെ പോരാട്ടം 193 റൺസിലൊതുങ്ങി. 14 റൺസിനായിരുന്നു ആർസിബി യുടെ വിജയം.