Cricket
കഴിഞ്ഞ മത്സരത്തിൽ ഗോൾഡൻ ഡക്ക്, രണ്ടര കൊല്ലത്തിനിടെ സെഞ്ച്വറിയില്ല; വിരാട് കോഹ്‌ലി ഇടവേളയെടുക്കണമെന്ന് രവി ശാസ്ത്രിയും കെവിൻ പീറ്റേഴ്‌സണും
Cricket

കഴിഞ്ഞ മത്സരത്തിൽ ഗോൾഡൻ ഡക്ക്, രണ്ടര കൊല്ലത്തിനിടെ സെഞ്ച്വറിയില്ല; വിരാട് കോഹ്‌ലി ഇടവേളയെടുക്കണമെന്ന് രവി ശാസ്ത്രിയും കെവിൻ പീറ്റേഴ്‌സണും

Sports Desk
|
20 April 2022 5:50 AM GMT

ഈ ഐപിഎൽ സീസണിലെ ഏഴു മത്സരങ്ങളിൽ 19.83 ശരാശരിയിൽ 119 റൺസാണ് താരം നേടിയിട്ടുള്ളത്

ഐപിഎല്ലിൽ തരക്കേടില്ലാത്ത സ്‌കോറുകൾ പോലും കണ്ടെത്താനാകാതെ കുഴങ്ങുന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ഇന്ത്യയുടെയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണമെന്ന് മുൻ ക്രിക്കറ്റ് താരങ്ങളായ രവി ശാസ്ത്രിയും കെവിൻ പീറ്റേഴ്‌സണും. കഴിഞ്ഞ രണ്ടര കൊല്ലത്തിനിടെ ഒരു സെഞ്ച്വറി പോലും നേടാനാകാതിരുന്ന താരം ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഗോൾഡൻ ഡക്കായിരുന്നു. ഫീൽഡർക്ക് സിംപിൾ ക്യാച്ച് നൽകിയായിരുന്നു 33കാരനായ ഡൽഹി ബാറ്റർ പവലിയനിലേക്ക് തിരിഞ്ഞുനടന്നത്. ഈ ഐപിഎൽ സീസണിലെ ഏഴു മത്സരങ്ങളിൽ 19.83 ശരാശരിയിൽ 119 റൺസാണ് താരം നേടിയിട്ടുള്ളത്. 48 ആണ് ഉയർന്ന സ്‌കോർ.



ആദ്യം ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻസി ഭാരം ഇറക്കി വെച്ച താരം പിന്നീട് ആർസിബിയുടെ നായകത്വവും ഒഴിവാക്കിയിരുന്നു. എന്നിട്ടും ബാറ്റിങിൽ സ്ഥിരത പുലർത്താനോ മുമ്പുണ്ടായിരുന്ന മികച്ച പ്രകടനം വീണ്ടെടുക്കാനോ താരത്തിനായിട്ടില്ല. കഴിഞ്ഞ ആറേഴ് വർഷമായി ഇന്ത്യയുടെ ഹെഡ് കോച്ചെന്ന നിലയിൽ കോഹ്‌ലിയെ അടുത്തറിഞ്ഞ രവി ശാസ്ത്രി ഒരു ഇടവേള എടുത്ത് സ്വയം നവീകരിക്കാനാണ് താരത്തോട് നിർദേശിക്കുന്നത്. 'വിരാട് കോഹ്‌ലി ഓവർ കുക്ക്ഡാണ്. ആരെങ്കിലും ഒരു ഇടവേളയെടുക്കാൻ നിർബന്ധിതനാകുന്നുണ്ടെങ്കിൽ അത് അദ്ദേഹമാണ്' സ്റ്റാർ സ്‌പോർട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയിൽ രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട് പര്യടനത്തിന്റെ മുമ്പോ ശേഷമോ ആയി അദ്ദേഹം രണ്ടോ ഒന്നരയോ മാസം ഇടവേളയെടുക്കണമെന്നും നിർദേശിച്ചു. ആറേഴ് കൊല്ലമായി നിരന്തരം ക്രിക്കറ്റ് കളിക്കേണ്ട വരുന്നത് വഴി അദ്ദേഹം ഏറെ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും ലോകക്രിക്കറ്റിൽ വേറെ ചിലരും ഇത്തരത്തിലുണ്ടെന്നും ഇവരെല്ലാം സമാന പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



രവി ശാസ്ത്രിയുടെ അഭിപ്രായത്തോട് യോജിച്ച മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ കോഹ്‌ലി, നിരന്തരം വിമർശന ശരങ്ങൾ നേരിടേണ്ടി വരുന്ന സമൂഹ മാധ്യമങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും നിർദേശിച്ചു. ആറു മാസം മാറി നിൽക്കണമെന്നും പിന്നീട് ഒരു വർഷമോ രണ്ടു വർഷമോ കഴിഞ്ഞാലും കോഹ്‌ലിക്ക് കളിക്കളത്തിൽ ഇടമുണ്ടാകുമെന്നും നീ ഞങ്ങളുടെ പയ്യനാണെന്നും ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാമെന്ന് പറയണമെന്നും പീറ്റേഴ്‌സൺ പറഞ്ഞു.


കഴിഞ്ഞ തുടർച്ചയായ നൂറു മത്സരങ്ങളിൽ ഒന്നിൽ പോലും കോഹ്‌ലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല. 17 ടെസ്റ്റ്, 21 ഏകദിനം, 25 ടി 20, 37 ഐപിഎൽ മത്സരങ്ങൾ എന്നിവയിലൊന്നും കോഹ്‌ലിക്ക് സെഞ്ച്വറി നേടാനായിട്ടില്ലെന്ന് ക്രിക്കറ്റ് സ്റ്റാറ്റീഷ്യനായ മസ്ഹർ അർഷദാണ് ചൂണ്ടിക്കാണിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനാണ് കോഹ്‌ലി. അഞ്ചു സെഞ്ച്വറിയും 42 അർധ സെഞ്ച്വറിയുമടക്കം 6402 റൺസാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. വിവിധ ക്രിക്കറ്റ് ഫോർമാറ്റുകളിലൊന്നായി കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 23650 റൺസുമായി കോഹ്‌ലി ഏഴാം സ്ഥാനത്താണ്. 34357 റൺസുമായി സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്.

Ravi Shastri and Kevin Pietersen call on Virat Kohli to take a break

Similar Posts