'മങ്കാദിങ് നടത്തുന്ന ബോളർമാർക്ക് ഐ.സി.സി ധീരതക്കുള്ള അവാർഡ് നൽകണം'- അശ്വിൻ
|ചെറിയൊരിടവേളക്ക് ശേഷം ക്രിക്കറ്റ് ലോകത്ത് മങ്കാദിങ് വിവാദം വീണ്ടും പുകയുകയാണ്
ചെറിയൊരിടവേളക്ക് ശേഷം ക്രിക്കറ്റ് ലോകത്ത് മങ്കാദിങ് വിവാദം വീണ്ടും പുകയുകയാണ്. കഴിഞ്ഞ ദിവസം ലോര്‍ഡ്സില്‍ വച്ച് നടന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിനത്തിലാണ് ഇന്ത്യൻ ബോളർ ദീപ്തി ശർമയുടെ മങ്കാദിങ്ങിൽ ഇംഗ്ലണ്ടിന്റെ ഷാർലെറ്റ് ഡീൻ പുറത്തായത്.
ചെറിയ ലക്ഷ്യം അനായാസം മറികടക്കാമെന്ന ലക്ഷ്യത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് പടക്ക് ഇന്ത്യ രേണുക സിങ് താക്കൂറിലൂടെ തിരിച്ചടി നൽകുകയായിരുന്നു. രേണുകയുടെ പന്തിനു മുമ്പില്‍ പകച്ചുനിന്ന ഇംഗ്ലീഷ് ബാറ്റർമാർ ഓരോന്നായി കൂടാരം കയറി. ഒടുവിൽ ഏഴിന് 65 എന്ന നിലയ്ക്ക് വൻ തകർച്ച മുന്നിൽകാണുമ്പോഴാണ് സ്പിൻ ഓൾറൗണ്ടർ ഷാർലി ഡീൻ ഇറങ്ങുന്നത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് പിന്നീട് ഷാർലിയുടെ പോരാട്ടമായിരുന്നു.
അനായാസം ജയം പിടിച്ചടക്കി പരമ്പര വൈറ്റ് വാഷ് അടിക്കാനുള്ള ഇന്ത്യൻ മോഹങ്ങൾക്കുമേൽ കനൽകോരിയിട്ടായിരുന്നു ഷാർലിയുടെ കൗണ്ടർ അറ്റാക്ക്. ഇടയ്ക്ക് കെയ്റ്റ് ക്രോസിനെ പുറത്താക്കി ജുലൻ ഇന്ത്യയ്ക്ക് ആശ്വാസം നൽകി. എന്നാൽ, പിന്നീട് ഫ്രേയാ ഡേവിസിനെ അപ്പുറത്ത് കാഴ്ചക്കാരാക്കി ഷാർലി പോരാട്ടം തുടർന്നു. ജയിക്കാൻ ഏഴ് ഓവർ ബാക്കിനിൽക്കെ 17 റൺസ് മാത്രം വേണ്ടിയിരുന്ന സമയത്ത് ഇന്ത്യൻ നായിക ഹർമൻ പ്രീത് കൗറിന് എന്തു ചെയ്യണമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല.
ആ സമയത്താണ് 44-ാം ഓവർ എറിഞ്ഞ ദീപ്തിയുടെ അപ്രതീക്ഷിത നടപടി. കെയ്റ്റിനെതിരെ മൂന്നാമത്തെ പന്ത് എറിയുമ്പോൾ ഷാർലി ക്രീസ് വിട്ട് ഏറെ മുന്നോട്ടുപോയിരുന്നു. ദീപ്തി മറ്റൊന്നും ആലോചിക്കാതെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുകയും ചെയ്തു. ഒടുവിൽ റിവ്യൂവിൽ വിക്കറ്റ് വിളിക്കുമ്പോൾ കരഞ്ഞുകൊണ്ടാണ് ഷാർലി ഡീൻ ക്രീസ് വിട്ടത്. 35 റണ്‍സാണ് അവസാന വിക്കറ്റില്‍ ഷാര്‍ലിയും കെയ്റ്റും കൂട്ടിച്ചേര്‍ത്തത്.
മത്സരത്തിന് ശേഷം നിരവധി ഇംഗ്ലണ്ട് താരങ്ങള്‍ ദീപ്തി ശര്‍മയുടെ മങ്കാദിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തി. 'ഇങ്ങനെയായിരുന്നെങ്കിൽ നമുക്ക് എത്രയോ വിക്കറ്റ് എടുക്കാമായിരുന്നല്ലോ എന്നാണ് ഇംഗ്ലണ്ട് താരം സാം ബില്ലിങ്സ് ട്വീറ്റ് ചെയ്തത്'. 'ഇങ്ങനെയെങ്കിൽ പന്തെറിയേണ്ട കാര്യം തന്നെയില്ലല്ലോ എന്നായിരുന്നു ഇംഗ്ലണ്ട് ഇതിഹാസ ബോളർ ജയിംസ് ആൻഡേഴ്സൺ പറഞ്ഞത്'. 'ഇങ്ങനെ മാച്ച് ജയിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണ്' സ്റ്റുവർട്ട് ബ്രോഡ് ട്വീറ്റ് ചെയ്തത്.
സാം ബില്ലിങ്സിന്റെ ട്വീറ്റിന് ഇന്ത്യൻ താരം അശ്വിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ബോളറുടെ ഏകാഗ്രതക്കുള്ള അംഗീകാരമായി ഈ വിക്കറ്റിനെ പരിഗണിക്കണം. ഒപ്പം വലിയ സോഷ്യൽ സ്റ്റിഗ്മക്ക് ഇരയാവും എന്നറിഞ്ഞിട്ടും നോൺ സ്ട്രൈക്കിങ് എന്റിലെ ബാറ്ററെ പുറത്താക്കാൻ ധൈര്യം കാണിക്കുന്ന ബോളർക്ക് ഐ.സി.സി ധീരതക്കുള്ള അവാർഡ് നൽകണം''. മുമ്പ് ഐ.പി.എല്ലില്‍ മങ്കാദിങ് നടത്തി അശ്വിനും വിവാദ നായകനായിരുന്നു.