രവീന്ദ്ര ജഡേജ ഇരട്ട സെഞ്ച്വറി തികയ്ക്കും മുമ്പ് ഡിക്ലയർ; രോഹിത്തിനും ദ്രാവിഡിനും ട്രോൾ പ്രളയം
|2004ൽ മുൾട്ടാനിൽ സച്ചിന് ഇരട്ട സെഞ്ച്വറി നിഷേധിച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്ത ദ്രാവിഡിന്റെ നടപടി കുത്തിപ്പൊക്കിയാണ് പരിഹാസങ്ങളേറെയും
രവീന്ദ്ര ജഡേജ ഇരട്ട സെഞ്ച്വറി തികയ്ക്കും മുമ്പ് ഇന്ത്യൻ ഇന്നിങ്സ് ഡിക്ലയർചെയ്ത ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും കോച്ച് രാഹുൽ ദ്രാവിഡിനും ട്രോൾ പ്രളയം. 2004ൽ മുൾട്ടാനിൽ സച്ചിന് ഇരട്ട സെഞ്ച്വറി നിഷേധിച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്ത ദ്രാവിഡിന്റെ നടപടി കുത്തിപ്പൊക്കിയാണ് പരിഹാസങ്ങളേറെയും.
ഒമ്പതാം വിക്കറ്റിൽ മുഹമ്മദ് ഷമിയെ കൂട്ടുപിടിച്ച് ജഡേജ അതിവേഗം കുതിക്കുന്നതിനിടെയാണ് ഡിക്ലറേഷൻ പ്രഖ്യാപനം വന്നത്. വമ്പൻ അടികളുമായി 175 റൺസ് നേടിയ ജഡേജയ്ക്ക് ഒന്നോ രണ്ടോ ഓവർകൂടി അനുവദിച്ചിരുന്നെങ്കിൽ കരിയറിലെ കന്നി ഇരട്ട സെഞ്ച്വറി നേടാനാകുമായിരുന്നു. ഇക്കാര്യം മുൻനിർത്തിയാണ് ആരാധകർ ക്യാപ്ടൻ രോഹിത് ശർമയ്ക്കും കോച്ച് ദ്രാവിഡിനും എതിരെ തിരിഞ്ഞത്. 2004 ൽ മുൾട്ടാനിൽ സച്ചിൻ ടെണ്ടുൽക്കർ 194 റൺസിൽ നിൽക്കെ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ദ്രാവിഡ് ചരിത്രം ആവർത്തിച്ചെന്നാണ് വിമർശനം.
ഇക്കാര്യത്തിൽ ഒടുവിൽ ജഡേജതന്നെ വിശദീകരണവുമായി എത്തി. ഇരട്ട സെഞ്ച്വറിക്ക് ശ്രമിക്കാനായി ടീം ക്യാമ്പിൽ നിന്ന് കുൽദീപ് യാദവ് വഴി സന്ദേശം എത്തിയിരുന്നു. എന്നാൽ പിച്ച് തിരിഞ്ഞുതുടങ്ങിയെന്നും ചായയ്ക്ക് മുമ്പ് ശ്രീലങ്കയെ ബാറ്റിങിന് വിളിച്ചാൽ വിക്കറ്റുകൾ നേടാൻ സാധിക്കുമെന്നാണ് താനാണ് നിർദേശം നൽകിയതെന്നും ജഡേജ വിശദീകരിച്ചു.
2004ൽ ഇന്ത്യ നടത്തിയ പാക്കിസ്ഥാൻ പര്യടനത്തിനിടെ മുൾട്ടാനിൽ നടന്ന ടെസ്റ്റിനിടെയാണ് ദ്രാവിഡിന്റെ ദ്രാവിഡിന്റെ കുപ്രസിദ്ധമായ ഡിക്ലറേഷൻ സംഭവിച്ചത്. അന്ന് സച്ചിന്റെ വ്യക്തിഗത സ്കോർ 194ൽ നിൽക്കെയാണ് ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. അന്ന് ഇന്ത്യ ഇന്നിങ്സിനും 52 റൺസിനും ജയിച്ചു. ഇന്നിങ്സ് ഡിക്ലയർ ചെയ്ത ദ്രാവിഡിന്റെ തീരുമാനം കടുത്ത നിരാശയുളവാക്കിയെന്ന് സച്ചിൻ പിന്നീട് ആത്മകഥയില്‍ എഴുതിയിരുന്നു.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരമവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്കാണ് ആധിപത്യം. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനിയും 466 റണ്‍സ് കൂടി വേണം.