ധോണിയെ 'പൂട്ടിയ' ചിത്രമെടുത്ത് കൊൽക്കത്ത: 'വെറും ഷോ'യെന്ന് ജഡേജ
|ആഷസ് ടെസ്റ്റിൽ ആസ്‌ട്രേലിയ ഒരുക്കിയ ഫീൽഡിങ് 'കെണി' താരതമ്മ്യം ചെയ്യാനായിരുന്നു കൊൽക്കത്ത പഴയ ചിത്രമെടുത്തിട്ടത്
2016 ഐപിഎൽ എഡിഷനിൽ ഇന്ത്യയുടെ മഹേന്ദ്രസിങ് ധോണിയെ 'പൂട്ടി'യ ചിത്രം എടുത്തിട്ട് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആഷസ് ടെസ്റ്റിൽ ആസ്‌ട്രേലിയ ഒരുക്കിയ ഫീൽഡിങ് 'കെണി' താരതമ്മ്യം ചെയ്യാനായിരുന്നു കൊൽക്കത്ത പഴയ ചിത്രമെടുത്തിട്ടത്. ട്വീറ്റിന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പ്രതികരണം ലഭിച്ചതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിന്റെ അവസാനത്തെ വിക്കറ്റും വീഴ്ത്താന്‍ ബാറ്ററുടെ ചുറ്റും ആസ്ട്രേലിയ ഫീല്‍ഡര്‍മാരെ നിരത്തുകയായിരുന്നു.
2016ലെ ഐപിഎല്‍ മത്സരത്തില്‍ പിയൂഷ് ചൗളയുടെ ബൗളിങ്ങില്‍ എംഎസ് ധോണിയുടെ ബാറ്റിന് ചുറ്റും കൊല്‍ക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീർ ഫീൽഡർമാരെ നിരത്തിയിരുന്നു. റൈസിംഗ് പൂനെ സൂപ്പർ ജയൻറിന്റെ ക്യാപ്റ്റനായിരുന്നു അന്ന് ധോണി. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ക്ലാസിക് നീക്കം യഥാർത്ഥത്തിൽ നിങ്ങളെ ഒരു ടി20 മാസ്റ്റർ സ്ട്രോക്കിനെ ഓർമ്മിപ്പിക്കുന്നു എന്നായിരുന്നു ചിത്രം പങ്കുവെച്ചുള്ള കൊല്‍ക്കത്തയുടെ ട്വീറ്റ്.
ഇത് മാസ്റ്റർ സ്ട്രോക്കൊന്നും അല്ല! വെറും ഷോ ഓഫ് എന്നായിരുന്നു ജഡേജയുടെ മറുപടി. ഒരു സ്മൈലി ചേര്‍ത്തുകൊണ്ടായിരുന്നു ജഡേജയുടെ ട്വീറ്റ്. അന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത വിജയിച്ചിരുന്നു. ഏതായാലും കൊല്‍ക്കത്തയുടെ ട്വീറ്റും ജഡേജയുടെ മറുപടിയുമൊക്കെ ആഘോഷമാക്കുകയാണ് ഇരു ടീമുകളുടെയും ആരാധകര്‍.
അതേസമയം ആഷസില്‍ ഫീല്‍ഡര്‍മാരെയെല്ലാം ക്രീസിനടുത്ത് ക്യാച്ചിങ് പൊസിഷനില്‍ നിര്‍ത്തി ആസ്‌ട്രേലിയ സമ്മര്‍ദം ചെലുത്തിയെങ്കിലും സ്റ്റുവര്‍ട്ട് ബ്രോഡും ആന്‍ഡേഴ്സണും 'വിദഗ്ധമായി' മറികടക്കുകയായിരുന്നു. സ്റ്റുവർട്ട് ബ്രോഡ് 35 പന്തുകൾ നേരിട്ടപ്പോൾ ജയിംസ് ആൻഡേഴ്‌സൺ നേരിട്ടത് ആറ് പന്തുകൾ. നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് സമനില പൊരുതി നേടുകയായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.