'അന്ന് ജഡേജയുടെ അടുത്ത് പോയത് ആശ്വസിപ്പിക്കാനല്ല, പ്രശംസിക്കാൻ': പ്രതികരണവുമായി ചെന്നൈ സിഇഒ
|ജഡേജയുടെ പുറത്താകലുകളില്‍ ചെന്നൈ ആരാധകര്‍ ആഘോഷിച്ചത് അദ്ദേഹത്തിന് വേദനയുണ്ടാക്കി കാണുമെന്നും കാശി വിശ്വനാഥന്
ചെന്നൈ: ഇക്കഴിഞ്ഞ ഐ.പി.എല്‍ കിരീടം ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സ് കൊണ്ടുപോയെങ്കിലും പാറപോലെ ഉറച്ചുനില്‍ക്കുന്ന ആരാധകര്‍ക്ക് ടീമില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. അതിലൊന്നായിരുന്നു രവീന്ദ്ര ജഡേജയെ ചുറ്റിപ്പറ്റി. രവീന്ദ്ര ജഡേജയും നായകന് മഹേന്ദ്ര സിങ് ധോണിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു സംസാരം.
എന്നാല്‍ ധോണിയും ജഡേജയും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്. ജഡേജയുടെ പുറത്താകലുകളില്‍ ചെന്നൈ ആരാധകര്‍ ആഘോഷിച്ചത് അദ്ദേഹത്തിന് വേദനയുണ്ടാക്കി കാണുമെന്നും കാശി വിശ്വനാഥന് വ്യക്തമാക്കി.
ജഡേജയ്ക്ക് ശേഷമായിരുന്നു ധോണി ബാറ്റിങ്ങിനായി കളത്തിലെത്തിയിരുന്നത്. അതിനാല്‍ ധോണിക്കായി കാത്തിരുന്ന ആരാധകര്‍ ജഡേജ പുറത്താകുമ്പോള്‍ വലിയ തോതില്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കളിയുടെ ഭാഗമാണെന്ന് പറയുകയാണ് കാശി വിശ്വനാഥന്.
“ഇതെല്ലാം കളിയുടെ ഭാഗമാണ്. അവസാന മത്സരത്തിന് ശേഷം ഞാന്‍ ജഡേജയോട് സംസാരിക്കുന്ന വീഡോയകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഞാന്‍ ജഡേജയെ ആശ്വസിപ്പിക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഞാന്‍ മത്സരത്തെക്കുറിച്ചും ജഡേജയുടെ പ്രകടനത്തെയും കുറിച്ചാണ് സംസാരിച്ചത്. ജഡേജയ്ക്ക് എന്നും ധോണിയോട് ബഹുമാനമാണുള്ളത്. ഫൈനലിന് ശേഷം ജഡേജ തന്റെ പ്രകടനം ധോണിക്ക് സമര്‍പ്പിക്കുകയായിരുന്നു,” കാശി വിശ്വനാഥന് കൂട്ടിച്ചേര്‍ത്തു.
ഫൈനലിൽ ചെന്നൈയുടെ വിജയ റൺസ് നേടിയ ജഡേജ കിരീടം ധോണിക്ക് സമർപ്പിച്ചിരുന്നു. ഈ സീസണിൽ 20 വിക്കറ്റ് വീഴ്ത്തിയ ജഡേജ, സിഎസ്കെയുടെ ഐപിഎൽ കിരീടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.