Cricket
rcb
Cricket

വനിതാ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് ആർ.സി.ബി

Sports Desk
|
17 March 2024 5:32 PM GMT

ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് പന്തുകൾ ബാക്കിനിൽക്കെ എട്ടുവിക്കറ്റിനാണ് തോൽപിച്ചത്.

ഡൽഹി: വനിതാ പ്രീമിയർലീഗ് കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. അരുൺ ജെയിറ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ എട്ടു വിക്കറ്റിനാണ് തോൽപിച്ചത്. ആർ.സി.ബിയുടെ പ്രഥമ കിരീടമാണ്. സ്‌കോർ: ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113. റോയൽ ചലഞ്ചേഴ്‌സ് 19.3 ഓവറിൽ 115-2

113 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ഓപ്പണിങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥാനയും(31) സോഫിയ ഡെവൈനും(32) മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് ക്രീസിലെത്തിയ എലീസ് പെറിയും(35)വിക്കറ്റ് കീപ്പർ റിച്ച ഘോഷും(17) ചേർന്ന് വിജയത്തിലെത്തിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യഓവറുകളിൽ തകർന്നടിയുകയായിരുന്നു. 27 പന്തിൽ 44 റൺസെടുത്ത ഷഫാലി വർമയാണ് ടോപ് സ്‌കോറർ. ബാംഗ്ലൂരിനായി നാലു വിക്കറ്റെടുത്ത ശ്രേയങ്ക പാട്ടീലും മൂന്ന് വിക്കറ്റെടുത്ത സോഫി മോളിനെക്‌സും രണ്ട് വിക്കറ്റെടുത്ത മലയാളി താരം ആശാ ശോഭനയും ചേർന്നാണ് ഡൽഹിയെ കറക്കിയിട്ടത്.

ഓപ്പണിംഗ് വിക്കറ്റിൽ ഷഫാലി വർമയും ക്യാപ്റ്റൻ മെഗ് ലാനിങും ചേർന്ന് ഡൽഹിക്ക് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഏഴോവറിൽ ഇരുവരും ചേർന്ന് 64 റൺസടിച്ചു. 27 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 44 റൺസടിച്ച ഷഫാലിയായിരുന്നു കൂടുതൽ ആക്രമിച്ചു കളിച്ചത്. എന്നാൽ എട്ടാം ഓവറിലെ ആദ്യ പന്തിൽ മോളിനെക്‌സിനെ സിക്‌സിന് പറത്താനുള്ള ഷഫാലിയുടെ ശ്രമം സ്‌ക്വയർ ലെഗ് ബൗണ്ടറിയിൽ വാറെഹാമിമിൻറെ കൈകളിലൊതുങ്ങിയതോടെ ഡൽഹിയുടെ തകർച്ച തുടങ്ങി. ഒരു പന്തിൻറെ ഇടവേളയിൽ ജെമീമ റോഡ്രിഗസിനെയും അടുത്ത പന്തിൽ അലീസ് ക്യാപ്‌സിയെയും ക്ലീൻ ബൗൾഡാക്കി കടുത്ത പ്രഹരമേൽപ്പിച്ചു. മലയാളി താരം മിന്നു മണിയെ(5) ശ്രേയങ്ക പാട്ടീൽ വീഴ്ത്തിയതോടെ 64-0ൽ നിന്ന് ഡൽഹി 87-7ലേക്ക് അവിശ്വസനീയമായി തകർന്നടിഞ്ഞു.

Related Tags :
Similar Posts