ആര്‍.സി.ബി സിക്സടിച്ചാല്‍ 60,000 രൂപ കോവിഡ് പ്രതിരോധത്തിന് നല്‍കുമെന്ന് അറിയിച്ചു; ഒരു സിക്സും നേടാതെ ടീം
|ഇന്നത്തെ മത്സരത്തിൽ ആർ.സി.ബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് 40,000 രൂപയും വിക്കറ്റിന് 25,000 രൂപയും കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.
അബുദാബിയിലെ ശൈഖ് സായിദ് സ്റ്റേഡിയത്തിൽ കൊൽക്കത്തയെ നേരിടാൻ ഇറങ്ങും മുമ്പ് കോലിയുടെ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് മാനേജ്‌മെന്റ് ഒരു പ്രഖ്യാപനം നടത്തി. ഇന്നത്തെ മത്സരത്തിൽ ആർ.സി.ബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് 40,000 രൂപയും വിക്കറ്റിന് 25,000 രൂപയും കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.
പക്ഷേ സംഭവിച്ചത് എന്താണെന്ന് വച്ചാൽ പേരു കേട്ട ബാറ്റിങ് നിരയുള്ള ആർസിബി നിരയിലെ ഒരു ബാറ്റ്‌സ്മാനും സിക്‌സർ പറത്താൻ സാധിച്ചില്ല. ഫലത്തിൽ 60,000 രൂപ പോലും കൊടുക്കേണ്ടി വന്നില്ല. 92 റൺസിന് ആർസിബി നിരയിലെ എല്ലാവരും കൂടാരം കയറിയ മത്സരത്തിൽ ഫോറുകളുടെ എണ്ണവും കുറവായിരുന്നു. 8 ബൗണ്ടറികൾ മാത്രമാണ് ബാഗ്ലൂരിന്റെ ഇന്നിങ്‌സിൽ പിറന്നത്. ആർ.സി.ബി ഇനി എത്ര വിക്കറ്റ് നേടുമെന്നത് അനുസരിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് എത്ര രൂപ കൊടുക്കുമെന്നതിൽ തീരുമാനമുണ്ടാകുക.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത കോലിയെ പ്രസിദ് കൃഷ്ണയാണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്. പിന്നീടെത്തിയ ശ്രീകാർ ഭരത്ത്- ദേവദത്ത് സഖ്യം ടീമിനെ പതുക്കെ താളത്തിലേക്ക് എത്തിക്കുമെന്ന് സൂചന നൽകിയെങ്കിലും ലോക്കി ഫെർഗൂസൻ ഇരുവരുടെയും കൂട്ടുക്കെട്ട് തകർത്തു. 22 റൺസെടുത്ത ദേവദത്തിനെയാണ് ഫെർഗൂസൻ പവലിയനിലേക്ക് അയച്ചത്.
സ്‌കോർ ബോർഡിൽ പത്ത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാംഗ്ലൂരിന് അടുത്ത വിക്കറ്റും നഷ്ടമായി. ശ്രികാർ ഭരത്താണ് പുറത്തായത്. പിന്നീട് എത്തിയ ഡീവില്ലേഴ്സിനെ ആദ്യ ബോളിൽ തന്നെ പുറത്താക്കി ആന്ദ്രേ റസൽ കൊൽക്കത്തയ്ക്ക് മുൻതൂക്കം നൽകി. ഗ്ലെൻ മാക്സ്വെല്ലിനെയും സച്ചിൻ ബേബിയെയും ഹസരങ്കയെയും പുറത്താക്കി വരുൺ ചക്രവർത്തി ബാംഗ്ലൂരിന്റെ പതനത്തിന്റെ ആഴം വർധിപ്പിച്ചു.
പിന്നീടെത്തിയ ജെമിയ്സൺ നാലും ഹർഷൽ പട്ടേൽ 12 റൺസും കൂട്ടിച്ചേർത്ത് പവലിയനിലേക്ക് മടങ്ങി. പത്താമനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജ് എട്ട് റൺസും കൂട്ടിച്ചേർത്ത് പുറത്തായതോടെ ബാഗ്ലൂരിന്റെ ഇന്നിങ്സ് 92 റൺസിന് അവസാനിച്ചു. 22 റൺസ് നേടിയ ദേവദത്ത് പടിക്കലാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ.
കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും ആേ്രന്ദ റസലും മൂന്നും ലോക്കി ഫെർഗൂസൻ രണ്ടും വിക്കറ്റുകൾ നേടിയപ്പോൾ പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.